തൊടുപുഴ: ജില്ലയിലെ റോഡുകളടക്കം വിവിധ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിൽ വനംവകുപ്പ് നിലപാട് തിരിച്ചടിയായി തുടരുന്നു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ (എൻ.എച്ച് 85) നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനംവകുപ്പിന് അവകാശമില്ലെന്നും റോഡ് വികസനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ എതിർക്കരുതെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചതിന് പിന്നാലെ അപ്പീൽ നീക്കം നടന്നെങ്കിലും വേണ്ടെന്ന നിലപാടിലാണ് സർക്കാർ എത്തിയത്. ഇത് ആശാവഹമാണെങ്കിലും ജില്ലയിലെ പല പദ്ധതികളും വനംവകുപ്പുമായുള്ള പോരാട്ടത്തിൽ തന്നെയാണ്.
ഇത്തരത്തിൽ ഒന്നാണ് ഇടുക്കി-ഉടുമ്പന്നൂർ റോഡ്. ജില്ല ആസ്ഥാനത്തു നിന്നു തൊടുപുഴയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. മണിയാറൻകുടിയിൽ നിന്ന് ഉടുമ്പന്നൂരിലേക്ക് 18.5 കിലോമീറ്റർ മാത്രം. പൂർത്തിയായാൽ വാഴത്തോപ്പിൽ നിന്ന് തൊടുപുഴയിലേക്കുള്ള ദൂരം പകുതിയാകും.
റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ നിർമിക്കുന്നതിനു തീരുമാനമായതാണ്. എന്നാൽ, വനമേഖലയിൽ കൂടി കടന്നു പോകുന്ന റോഡ് നിർമിക്കുമ്പോൾ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ ഉയർന്നു. കാന്തല്ലൂർ വില്ലേജിൽ സംസ്ഥാന സർക്കാർ 40 ഏക്കർ റവന്യു ഭൂമി പകരമായി വനംവകുപ്പിനു വിട്ടു നൽകിയിട്ടും പരിഹാരമില്ല. ടെൻഡർ നടപടികളിലേക്ക് പോയപ്പോൾ വനംവകുപ്പിന്റെ നിരാക്ഷേപ പത്രം ആവശ്യമായി വന്നു. കോട്ടയം ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് എൻ.ഒ.സി ലഭിച്ചെങ്കിലും കോതമംഗലം ഡിവിഷൻ പദ്ധതിക്കെതിരെ റിപ്പോർട്ടെഴുതി.
കാന്തല്ലൂരിൽ നിന്ന് എസ്.പി പുരം-കുണ്ടള ഡാം വഴി മൂന്നാറിൽ എത്താൻ 30 കിലോമീറ്റർ മാത്രം. കാന്തല്ലൂരിൽ നിന്ന് മറയൂർ വഴി മൂന്നാറിൽ എത്തണമെങ്കിൽ ഇപ്പോൾ 60 കിലോമീറ്റർ സഞ്ചരിക്കണം. റോഡ് അറ്റകുറ്റപ്പണി നടത്താൻ വനംവകുപ്പ് അനുവാദം നൽകുന്നില്ലെന്നാണ് മുഖ്യതടസം. പെരുമലയിലും ആറ് കിലോമീറ്റർ അകലെ മത്താപ്പിലും ചെക്പോസ്റ്റ് സ്ഥാപിച്ചിരിക്കുകയുമാണ് വനം വകുപ്പ്.
കുളമാവിന്റെ വികസനത്തിന് പ്രയോജനകരമാകുന്നതാണ് കുളമാവ്–കപ്പക്കാനം റോഡ്. ഉറുമ്പുള്ള്, കപ്പക്കാനം, മുല്ലക്കാനം, ചക്കിമാലി നിവാസികൾക്ക് ജില്ല ആസ്ഥാനത്തേക്കുള്ള യാത്ര എളുപ്പമാകും. മണ്ണുറോഡുണ്ടെങ്കിലും വനംവകുപ്പ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. റോഡ് ടാറിങ് നടത്താനോ കോൺക്രീറ്റ് ചെയ്യാനോ അനുവദിക്കാത്തതും പ്രശ്നം. സത്രം എയർസ്ട്രിപ് റോഡ, വനംവകുപ്പ് നിലപാടിനെ തുടർന്ന് യാഥാർഥ്യമായില്ല. 1000 എൻ.സി.സി കെഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായാണ് സത്രത്തിൽ എയർ സ്ട്രിപ് നിർമിക്കുന്നത്. ഇടുക്കിയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എയർ സ്ട്രിപ് വരുന്നത് ഏറെ സഹായകരമാണ്.
നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി 14 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർനിർമാണത്തിനും തുക അനുവദിച്ചു. റൺവേ നിർമാണം പൂർത്തിയാക്കി ചെറുവിമാനം ഇവിടെ ലാൻഡിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ കനത്ത മഴയിൽ പൂർണമായും തകർന്ന സംരക്ഷണഭിത്തി പുനർ നിർമിക്കുന്നതിന് വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചതോടെ നിർമാണം നിലച്ചു. പതിപ്പള്ളി-മേമുട്ടം-ഉളുപ്പൂണി റോഡ് കടന്നു പോകുന്നത് ഉയർന്ന പ്രദേശത്തു കൂടിയായതിനാൽ വീതികൂട്ടി നിർമിച്ചെങ്കിൽ മാത്രമേ അപകടസാധ്യത ഒഴിവാകൂ.
മേമുട്ടം വരെ എട്ടു കിലോമീറ്റർ റോഡിന് മൂന്ന് മീറ്റർ മാത്രമാണ് വീതി. ആദിവാസി മേഖലയായ പ്രദേശത്തിന്റെ ഏക ആശ്രയവുമാണ് ഈ റോഡ്. ഇവിടെ ഐറിഷ് ഓട നിർമിക്കാൻ വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ റോഡ് തകർന്നു പോകുന്ന സ്ഥിതിയാണ്. ഇരുവശവും കല്ല് പാകിയും ഐറിഷ് ഓട നിർമിച്ചും ഉടൻ പണി പൂർത്തീകരിക്കാൻ ഹൈകോടതി നിർദേശിച്ചെങ്കിലും കോൺക്രീറ്റിങിന് വനംവകുപ്പ് അനുമതി നൽകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.