തൊടുപുഴ: മാലിന്യസംസ്കരണ മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ജില്ലയിലെ പഞ്ചായത്തിലും നഗരസഭകളിലുമായി പൊതുജനം റിപ്പോർട്ട് ചെയ്യുന്നതും സ്ക്വാഡ് പരിശോധനയിലൂടെ കണ്ടെത്തുന്നതുമായ നിയമലംഘനങ്ങളിൽ നടപടി ശക്തമാക്കി. ജൂണിൽ മാത്രം സ്ക്വാഡ് 84 പരിശോധന നടത്തി.
ഇതിൽനിന്ന് ഏഴ് പഞ്ചായത്തിലായി 14 നിയമലംഘനമാണ് കണ്ടെത്തിയത്. ഇടവെട്ടി, പീരുമേട് പഞ്ചായത്തുകളിലാണ് കൂടുതൽ, മൂന്നു വീതം നിയമലംഘനം. ശാന്തൻപാറ, ഏലപ്പാറ, അടിമാലി പഞ്ചായത്തുകളിൽ രണ്ടുവീതവും കഞ്ഞിക്കുഴി, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഒന്നുവീതവും നിയമലംഘനങ്ങളുണ്ട്. ആകെ 1,25,000 രൂപയാണ് പിഴയായി ഈടാക്കിയത്.
വഴിയോരങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിനും കത്തിച്ചതിനും നിരോധിത പ്ലാസ്റ്റിക് വിൽപന നടത്തിയതിനുമാണ് നടപടി. വ്യാപാര സ്ഥാപനങ്ങൾ, വഴിയോരക്കച്ചവടക്കാർ, മീൻ-മാംസ വ്യാപാരികൾ, വിനോദയാത്ര സംഘങ്ങൾ, സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സ്ക്വാഡ് സജ്ജമാണ്.
പാതയോരങ്ങളിലും ജലാശയങ്ങളിലും മാലിന്യനിക്ഷേപം, മാലിന്യം കത്തിക്കൽ, വലിച്ചെറിയൽ, ജലാശയങ്ങളിലും പൊതുയിടങ്ങളിലും മലിനജലം ഒഴുക്കൽ, നിരോധിത പ്ലാസ്റ്റിക് ഡിസ്പോസബിൾ വസ്തുക്കളുടെ സംഭരണം, വിപണനം, ഉപയോഗം, പൊതുയിടങ്ങളിലെ മാലിന്യംതള്ളൽ, മലിനജലക്കുഴലുകളും മറ്റും പൊതുയിടങ്ങളിലേക്കും ജലാശയങ്ങളിലേക്കും തുറന്നുവെക്കൽ തുടങ്ങി മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെല്ലാമെതിരെ പിഴ ഉൾപ്പെടെ ശിക്ഷാ നടപടി കൈക്കൊള്ളുന്നുണ്ട്. നഗരത്തിൽ ഉൾപ്പെടെ പലയിടങ്ങളിലും പുഴകളിലേക്കും മറ്റും മാലിന്യമൊഴുക്കൽ വ്യാപകമാണ്.
ഗ്രാമീണ മേഖലകളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കത്തിക്കുന്ന കേസുകളും വർധിക്കുന്നു. ഹരിതകർമ സേനയെ ഏൽപിക്കണമെന്ന നിർദേശംപോലും പാലിക്കാതെ പ്ലാസ്റ്റിക് കത്തിക്കുന്നവരുണ്ട്. ഇവർക്കായി കർശന പരിശോധന നടക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.