തൊടുപുഴ: നഗരസഭ കൗൺസിൽ യോഗം ഇന്ന് നടക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുക...? ഒരു ആക്ഷൻ ത്രില്ലർ സിനിമയുടെ ക്ലൈമാക്സ് കണക്കെ സംഭ്രമജനക രംഗങ്ങൾക്കായിരിക്കുമോ കൗൺസിൽ ഹാൾ സാക്ഷ്യം വഹിക്കുക..? അതോ തിളച്ചുമറിയുന്ന സമരത്തിന്റെ സംഘർഷ ചൂടിൽ എരിയുമോ...? കൈക്കൂലി കേസിൽ വിജിലൻസ് കേസിൽ രണ്ടാം പ്രതിയാക്കിയ നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ സാന്നിധ്യത്തെ ആശ്രയിച്ചിരിക്കും ഇതെല്ലാം.
നഗരസഭ കൗൺസിൽ യോഗം ബുധനാഴ്ച രാവിലെ 11നാണ് ചേരാൻ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിൽ ചെയർമാൻ സനീഷ് ജോർജ് പങ്കെടുത്താൽ അദ്ദേഹത്തെ തടയാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കൗൺസിലർമാരുടെ തീരുമാനം. സനീഷ് ജോർജിനെ പിന്തുണക്കുന്ന എൽ.ഡി.എഫും രാജി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ചെയർമാൻ സ്ഥാനത്ത് തുടരുകയാണ് അദ്ദേഹം. ചെയർമാൻ യോഗത്തിൽ പങ്കെടുത്താൽ യോഗം ബഹിഷ്കരിക്കാനാണ് എൽ.ഡി.എഫിന്റെ തീരുമാനം.
അതിനിടയിൽ, സനീഷ് ജോർജിനുള്ള പിന്തുണ പിൻവലിച്ച എൽ.ഡി.എഫ് അദ്ദേഹം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 11ന് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താനായിരുന്നു എൽ.ഡി.എഫ് കൗൺസിലർമാരും പാർട്ടി നേതാക്കളും തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതിഷേധ പരിപാടികൾ 13ലേക്ക് മാറ്റിയതായി നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം, ബുധനാഴ്ച രാവിലെ 9.30ന് മുനിസിപ്പൽ ഓഫിസിനു മുന്നിൽ പ്രതിരോധ സമരം നടത്താനാണ് യു.ഡി.എഫിന്റെ തീരുമാനം. കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാർ ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ചെയർമാന്റെ രാജി ആവശ്യപ്പെടുന്ന എൽ.ഡി.എഫിന് ആത്മാർഥതയുണ്ടെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നാണ് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെടുന്നത്. ഡെപ്യൂട്ടി ചെയർപേഴ്സൻ പ്രഫ. ജെസ്സി ആന്റണിയുടെ അധ്യക്ഷതയിലാണ് കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ചെയർമാനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ പേരിൽ കൗൺസിലർമാരെ തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് എൽ.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍ മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.