തൊടുപുഴ: കൈക്കൂലിക്കേസ് വിവാദം കത്തിനില്‍ക്കുന്നതിനിടെ വിളിച്ച നഗരസഭ കൗണ്‍സില്‍ യോഗം യു.ഡി.എഫ് പ്രതിഷേധത്തെ തുടര്‍ന്ന് യോഗം തുടരാനാകാതെ പിരിഞ്ഞു. ചെയര്മാന് സനീഷ് ജോർജ് രാജിവെക്കാതെ കൗണ്‍സില്‍ യോഗം ചേരാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി യോഗം തുടങ്ങിയ ഉടന്‍ യു.ഡി.എഫ് അംഗങ്ങള്‍ ചെയര്‍മാന്റെ ചേംബര്‍ ഉപരോധിച്ചു. ചെയര്‍മാനുള്ള പിന്തുണ പിൻവലിച്ചതായി പ്രഖ്യാപിച്ച ഇടതുപക്ഷം അവിശ്വാസ പ്രമേയംകൊണ്ടുവരാത്തത് രാഷ്ട്രീയ തട്ടിപ്പാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹളം തുടര്‍ന്നതോടെ എൽ.ഡി.എഫ് അംഗങ്ങളിൽ ചിലർ പ്രതിരോധവുമായെത്തി. അംഗങ്ങൾ തമ്മിൽ വാക്കേറ്റത്തിലെത്തിയതോടെ ചെയര്‍മാന്റെ അഭാവത്തിൽ ചുമതല വഹിക്കുന്ന വൈസ്ചെയര്‍പേഴ്സൻ യോഗം പിരിച്ചുവിട്ടു. അരമണിക്കൂറിനുശേഷം വീണ്ടും യോഗം ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും യു.ഡി.എഫ് അംഗങ്ങള്‍ തടസ്സപ്പെടുത്തിയത് വീണ്ടും സംഘർഷത്തിലെത്തി. ചെയര്മാന് രാജിവെക്കാതെ കൗണ്‍സില്‍ ചേരാന്‍ അനുവദിക്കില്ലെന്ന നിലപാട് യു.ഡി.എഫ് ആവര്‍ത്തിച്ചു. അതിനിടെ അധ്യക്ഷയുടെ കൈയില്‍നിന്ന് അജണ്ട തട്ടിയെടുത്ത് യു.ഡി.എഫ് അംഗങ്ങള്‍ കീറിക്കളഞ്ഞു. ഇതോടെ കൂടുതൽ സംഘര്‍ഷാവസ്ഥയായി.
യോഗം ചേരുന്നില്ലെന്ന് വൈസ് ചെയര്പേഴ്സൻ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഇതോടെ മുദ്രാവാക്യം വിളിയുമായി യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലിന് പുറത്തേക്ക് പോയി. യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ. ദീപക്, അഡ്വ. ജോസഫ് ജോണ്‍, എം.എ. കരിം, സഫിയ ജബ്ബാര്‍, സനു കൃഷ്ണന്, രാജി അജേഷ്, സാബിറ ജലീല്‍, റസിയ കാസിം, ഷഹന ജാഫര്‍, നീനു പ്രശാന്ത്, നിസ സക്കീര്‍, ഷീജ ഷാഹുല്‍ ഹമീദ് പ്രതിഷേധത്തിന് നേതൃത്വം നല്കി. ഇടത് അംഗങ്ങളില്‍ മുഹമ്മദ് അഫ്സല്, സബീന ബിഞ്ചു എന്നിവര്‍ മാത്രമാണ് യു.ഡി.എഫ് പ്രതിഷേധത്തെ നേരിടാനെത്തിയത്. മുതിർന്ന അംഗമായ ആര്. ഹരി, മിനി മധു, മാത്യു ജോസഫ് തുടങ്ങിയ എൽ.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയില്ല. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് ബി .ജെ.പി കൗൺസിലർമാർ സ്വീകരിച്ചത്. യു.ഡി.എഫ് പ്രതിഷേധത്തോടൊപ്പം ചേരാതിരുന്ന ബി.ജെ.പി അംഗങ്ങൾ ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാതെ ഇരുമുന്നണിയും ഒത്തുകളിക്കുകയാണെന്നും കുറ്റപ്പെടുത്തി. കൗണ്‍സില്‍ യോഗം ചേരുന്നതിനെ ബി.ജെ.പി എതിര്‍ത്തുമില്ല. വിജിലന്‍സ് കേസെടുത്തതിന്റെ പിറ്റേ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗവും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ചെയർമാനടക്കം എൽ.ഡി.എഫിന് പതിനാലും യു.ഡി.എഫിന് പന്ത്രണ്ടും ബി.ജെ.പി എട്ടും അംഗങ്ങളാണ് കൗൺസിലിലുള്ളത്.
തൊടുപുഴ: കൈക്കൂലിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നഗരസഭ ഓഫിസ് ഉപരോധിച്ചു. രാവിലെ 11നായിരുന്നു യോഗം. ചെയര്മാന് യോഗത്തിനെത്തിയാല്‍ തടയാനുറച്ച് യു. ഡി.എഫ് പ്രവര്‍ത്തകര്‍ നഗരസഭ ഓഫിസിന് മുന്നില്‍ നിലയുറപ്പിച്ചു. ബാരിക്കേഡുകള്‍ സ്ഥാപിച്ച് വന്‍പൊലീസ് സന്നാഹവും പ്രതിഷേധക്കാരെ തടയാന്‍ അണിനിരന്നു. കരിദിനമാചരിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി ചെയര്‍മാന്റെ ഔദ്യോഗിക വാഹനത്തില്‍ എത്തിയ വൈസ്ചെയര്‍പേഴ്സൻ ജെസി ആന്റണിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. യു.ഡി.എഫ് തൊടുപുഴ മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന ഉപരോധസമരം മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോയി തോമസ് ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ പങ്ക് സി.പി.എം നേതൃത്വം പറ്റുന്നത് കൊണ്ടാണ് അഴിമതിക്കേസില്‍ വിജിലന്‍സ് രണ്ടാംപ്രതിയാക്കിയ നഗരസഭ ചെയര്‍മാനെ രാജിവെപ്പിക്കാതെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയര്മാന് എം.എ. കരിം അധ്യക്ഷത വഹിച്ചു. എ.എം. ഹാരിദ്, എന്‍.ഐ. ബെന്നി, ഷിബിലി സാഹിബ്, ജോസ് അഗസ്റ്റിന്, ടി.ജെ. പീറ്റര്‍, കെ.ജി. സജിമോന്‍, കൃഷ്ണന് കണിയാപുരം, ജോസഫ് ജോണ്‍, രാജേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
തൊടുപുഴ: ചെയര്മാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് തൊടുപുഴയില്‍ കരിദിനം ആചരിച്ചു. നഗരസഭ ഓഫിസിന് മുന്നില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ. കരീം ഉദ്ഘാടനം ചെയ്തു. കെ.എം. നിഷാദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.