തൊടുപുഴ: ട്രാവൻകൂർ കൊച്ചിൻ ടൂറിസം കോഓപറേറ്റിവ് സൊസൈറ്റി (ടൂർകോ) തൊടുപുഴയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ്, സി.ബി.എ ക്ലബ് ചീനിക്കുഴി എന്നിവയുടെ സഹകരണത്തോടെ ഉപ്പുകുന്ന് മലനിരകളിലൂടെ പാറമട മുതൽ ചെപ്പുകുളംവരെ മൺസൂൺ വാക് (മഴനടത്തം) സംഘടിപ്പിക്കുന്നു. ശനിയാഴ്ചയാണ് പരിപാടി.
സമുദ്രനിരപ്പിൽനിന്ന് 2500 മുതൽ 3000 അടിവരെ ഉയരമുള്ള ഉപ്പുകുന്ന് പ്രദേശം ഡാർജിലിങ് കുന്നുകളോട് സാമ്യമുള്ളതാണ്. പ്രദേശത്തെ ടൂറിസം സാധ്യതകൾ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയും മൺസൂൺ കാലത്തിന്റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ അധികം പരിചിതമല്ലാത്ത മൗണ്ടൻ ബൈക്കിങ്ങും ഏർപ്പാട് ചെയ്തിട്ടുണ്ട്. മൗണ്ടൻ ബൈക്ക് യാത്രക്കാർ പുറപ്പെട്ട ശേഷം കാൽനടക്കാർ അവരെ അനുഗമിക്കും. രാവിലെ 9.30ന് പാറമടയിൽനിന്ന് ആരംഭിക്കുന്ന മഴ നടത്തം ഉപ്പുകുന്ന് വ്യൂ പോയന്റ്, മുറം കെട്ടിപ്പാറ, ഇരുകല്ലുംപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ ചെപ്പുകുളത്ത് സമാപിക്കും.
മഴ നടത്തം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു പാറമടയിൽ ഫ്ലാഗ്ഓഫ് ചെയ്യും. ഉച്ചക്ക് സമാപന യോഗത്തിൽ തൊടുപുഴ കാർഷിക വികസന ബാങ്ക് ചെയർമാൻ റോയ് കെ. പൗലോസ് പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ +91 8606202779, +91 7561032065.
വാർത്തസമ്മേളനത്തിൽ ടൂർകോ ചെയർമാൻ കെ. സുരേഷ് ബാബു, ഡയറക്ടർമാരായ ഇന്ദു സുധാകരൻ, എം.കെ. സുരേന്ദ്രൻ നായർ, റോട്ടറിക്ലബ് പ്രസിഡന്റ് ജോബ് കെ. ജേക്കബ്, പ്രോഗ്രാം കോഓഡിനേറ്റർ കെ.വി. ഫ്രാൻസിസ്, കൺവീനർ നിബി തോമസ്, ടൂർകോ ക്രിയേറ്റിവ് കോഓഡിനേറ്റർ ഹരിത എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.