കട്ടപ്പന: ഇന്ത്യൻ ഏലക്കക്കൊപ്പം ഗ്വാട്ടമാല ഏലവും കലർത്തി വിൽക്കുന്നത് ഏലത്തിന്റെ ഗുണമേന്മയും വിലയും ഇടിയാൻ കാരണമാകുന്നു. ഇന്ത്യയിൽ ഏലത്തിന്റെ ഉൽപാദന സീസൺ അല്ലാതിരുന്നിട്ടും വില കുത്തനെ ഇടിയുകയാണ്. ഇതിന് പ്രധാന കാരണം ഇന്ത്യൻ ഏലക്കയോടൊപ്പം ഗ്വാട്ടമാലയിൽനിന്ന് ഇറക്കുമതി നടത്തിയ ഏലക്ക കലർത്തി വിൽക്കുന്ന വ്യാപാരികളുടെയും ഇടനിലക്കാരുടെയും കള്ളക്കളികളാണെന്നാണ് ആക്ഷേപം.
ഇന്ത്യൻ ഏലക്കയുടെ അന്തർദേശീയ വിപണിയിലെ ഡിമാൻഡിന് കാരണം ഗുണമേന്മയാണ്. എന്നാൽ, അടുത്ത കാലത്ത് ഇതിന് കാര്യമായ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതോടെ അന്തർദേശീയ മാർക്കറ്റിലും ആഭ്യന്തര മാർക്കറ്റിലും ഇന്ത്യൻ കാർഡമത്തിന്റെ വില കുത്തനെ കുറയുകയാണ്.
മൂന്നുമാസം മുമ്പ് കിലോഗ്രാമിന് ശരാശരി 2500 രൂപ വരെ ഉണ്ടായിരുന്ന ഇന്ത്യൻ ഏലത്തിന്റെ ഇപ്പോഴത്തെ ശരാശരി വില 1200 രൂപയാണ്. പുറ്റടി സ്പൈസസ് പാർക്കിൽ 22ന് നടന്ന കാർഡമം പ്ലാന്റേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ ഓൺലൈൻ ലേലത്തിൽ 59,583.3 കിലോഗ്രാം ഏലക്ക വിൽപക്ക് പതിഞ്ഞതിൽ 55,461.3 കിലോഗ്രാം വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 1799 രൂപയും ശരാശരി വില കിലോഗ്രാമിന് 1188.01 രൂപയുമാണ് ലഭിച്ചത്.
ഓഫ് സീസൺ സമയത്ത് ഇത്ര വിലയിടിഞ്ഞാൽ ഉൽപാദനം കൂടുന്ന ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വില ഗണ്യമായി കുറയാനിടയുണ്ട്. കഴിഞ്ഞ വർഷം സീസൺ സമയത്ത് കിലോഗ്രാമിന് ശരാശരി 600-800 രൂപവരെയാണ് ലഭിച്ചിരുന്നത്. സ്പൈസസ് ബോർഡിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ലേലകേന്ദ്രങ്ങളാണ് ഏലത്തിന്റെ പ്രധാന വിപണന കേന്ദ്രം. ഇടുക്കിയിലെ പുറ്റടി സ്പൈസസ് പാർക്കിലൂടെയും തമിഴ്നാട് ബോഡിനായ്ക്കനൂർ സ്പൈസസ് പാർക്കിലൂടെയുമാണ് ഇന്ത്യയിൽ ഏലക്ക ഓൺലൈൻ ലേലം നടക്കുന്നത്. ഇവിടെ വിൽപനക്കായി ഏലക്ക പതിക്കുന്നതിലാണ് കള്ളക്കളി നടക്കുന്നത്. കർഷകരുടെ പേരിൽ ലേല ഏജൻസികളും വ്യാപാരികളും ചേർന്ന് വൻതോതിൽ ഏലക്ക വിൽപനക്ക് പതിക്കും. പലപ്പോഴും മുൻ ലേലത്തിൽ വ്യാപാരികൾ വാങ്ങിയ ഏലക്ക വീണ്ടും റിപൂളിങ്ങായി വിൽപനക്ക് പതിക്കും. ഇങ്ങനെ വിൽപനക്ക് പതിക്കുന്ന ഏലക്കയിൽ ഗ്വാട്ടമാല ഏലവും കലർത്തി വിൽപനക്ക് വെക്കുന്ന രീയുയുണ്ട്. ഇതുവഴി ഏലക്കയുടെ ശരാശരി വില ഇടിയാനും കർഷകർക്ക് അവകാശപ്പെട്ട വില ലഭിക്കാതിരിക്കാനും ഇടയാകുന്നു.
മാർക്കറ്റിൽ ഇന്ത്യൻ ഏലക്ക നേരിടുന്ന മറ്റൊരു പ്രതിസന്ധി ഏലക്ക അരി വിൽപനയിൽ നടക്കുന്ന കള്ളക്കളിയാണ്. ഏലക്കയുടെ അരി (സീഡ്) വ്യത്യസ്ത ഗ്രേഡുകളിൽ മാർക്കറ്റിൽ വിൽപനക്ക് വരുന്നുണ്ട്. കട്ടയരി, തിരിയരി, വെള്ളയരി എന്നിങ്ങനെ പല പേരിലാണ് ഇത് അറിയപ്പെടുന്നത്. എല്ലാ ഇനത്തിനും മാർക്കറ്റിൽ ആവശ്യക്കാരുമുണ്ട്.
ഈ ഡിമാൻഡ് മുന്നിൽകണ്ട് ഏലക്ക അരിയിൽനിന്ന് സത്ത് (എസൻസ്) എടുത്തശേഷം വിൽപനക്ക് മാർക്കറ്റിൽ എത്തിക്കും. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ഇടകലർത്തൽ എന്നതിനാൽ പലപ്പോഴും കണ്ടുപിടിക്കാൻ വൈകും. ഇതുമൂലം ഏലക്ക അരി വിൽപനയിലും വില ഇടിയുകയാണ്. വ്യാപാരികളുടെയും ഇടനിലക്കാരുടെയും കള്ളക്കളിമൂലം ദുരിതത്തിലാകുന്നത് കർഷകരാണ്. അവർ ഉൽപാദിപ്പിക്കുന്ന ഏലക്കയുടെ യഥാർഥ വില വ്യാപാരികളും ഇടനിലക്കാരും ലേല ഏജൻസികളും ചേർന്ന് തട്ടിയെടുക്കുമ്പോൾ കർഷകർ വിലതകർച്ചമൂലം കടക്കെണിയിലാകുകയാണ്. ഗ്വാട്ടമാല ഏലത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും ഏലത്തിന്റെ ഗുണമേന്മ ഇടിക്കുന്ന വ്യാപാരികളെ ബ്ലാക്ക് ലിസ്റ്റിൽപെടുത്താനും സ്പൈസസ് ബോർഡ് കർശന നടപടി സ്വീകരിക്കണമെന്നാണ് ഏലം കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.