മൂന്നാർ: പാതയോരങ്ങൾ കൈയടക്കിയ വഴിയോര കച്ചവടക്കാർ മൂന്നാറിൽ കാൽനടക്കാർക്കും സന്ദർശകർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നതായി പരാതി. ടൗൺ മധ്യത്തിൽ മുതിരപ്പുഴയാറിനുകുറുകെ മാട്ടുപ്പെട്ടി റോഡിനെയും മറയൂർ റോഡിനെയും ബന്ധിപ്പിക്കുന്ന മഴവിൽപാലം തെരുവു കച്ചവടക്കാരുടെ താവളമാണ്.
പ്രധാന ടൂറിസം സീസൺ ആരംഭിച്ചതോടെ തമിഴ്നാട്ടിൽനിന്ന് അംഗീകാരവും തിരിച്ചറിയൽ രേഖകളും ഇല്ലാതെ ഒട്ടേറെ വഴിവാണിഭ സംഘങ്ങളാണ് ഇവിടെ എത്തുന്നത്.
ഇതിനിടെ, ചില വ്യക്തികൾ തെരുവോരം കൈയടക്കി പടുത കെട്ടിമറച്ച് പാട്ടത്തിനും ദിവസ വാടകക്കും നൽകുന്നതും തുടരുന്നുണ്ട്.
ഭിക്ഷാടക മാഫിയയാണ് തെരുവോരം കൈയടക്കിയ മറ്റൊരു വിഭാഗം. ഇതരസംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തിക്കുന്ന ഇവരെ മഴവിൽപാലത്തിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും ഇരുത്തും. രാത്രിയാകുമ്പോൾ തിരികെ വാഹനങ്ങളിൽ കൊണ്ടുപോവുകയും ചെയ്യും. പകൽ ഇടക്കിടെ ഏജന്റുമാരെത്തി ഇവരിൽനിന്ന് കലക്ഷൻ തുക എണ്ണിവാങ്ങുന്നതും കാണാം.
മൂന്നാറിൽ എത്തുന്ന വിദേശികൾ ഉൾപ്പെടെ സഞ്ചാരികൾക്കും സുരക്ഷാ ഭീഷണിയാണ് ഇതരസംസ്ഥാന വഴിവാണിഭ, ഭിക്ഷാടക മാഫിയ. നിയമാനുസൃതം ലൈസൻസ് എടുത്തും നികുതികൾ നൽകിയും കച്ചവടം നടത്തുന്ന ഇവിടുത്തെ വ്യാപാരികൾക്കും ഇവർ ഭീഷണിയാണ്. ഇവരെ ഒഴിപ്പിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ തങ്ങൾ നേരിട്ടിറങ്ങുമെന്ന നിലപാടിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.