തൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിനെതിരെ നടപടിയുമായി നഗരസഭ. റോഡിലേക്കിറങ്ങിവെച്ചുള്ള കച്ചവടങ്ങൾ, അനധികൃത ബോർഡുകൾ, റോഡരികിൽ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഉന്തുവണ്ടികൾ, മറ്റ് വസ്തുക്കൾ, കൊടിതോരണങ്ങൾ എന്നിവയടക്കം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. റോഡിലേക്ക് ഇറക്കിവെച്ചുള്ള കച്ചവടങ്ങൾ കാൽനടക്കാർക്കടക്കം ദുരിതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആദ്യഘട്ടമെന്ന നിലയിൽ കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം ബോർഡുകളും മറ്റും ജീവനക്കാർ നീക്കം ചെയ്യുകയും ചെയ്തു.
നഗരത്തിൽ രാവിലെയും വൈകീട്ടും വിശേഷാവസരങ്ങളിലും നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണത്തോടനുബന്ധിച്ച് തിരക്ക് ഇനിയും വർധിക്കും. ഇത് മുന്നിൽക്കണ്ടാണ് നടപടി. വെങ്ങല്ലൂർ മുതൽ ഷാപ്പുംപടി വരെയും കിഴക്കേയറ്റം മുതൽ പുളിമൂട്ടിൽ ജങ്ഷൻവരെയും പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരവും മോർ ജങ്ഷൻ, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലും ഇപ്പോൾ തന്നെ തിരക്ക് നിയന്ത്രണാതീതമാണ്. അതേസമയം, നഗരത്തിൽ നടപ്പാക്കാൻ ആവിഷ്കരിക്കുന്ന പദ്ധതികൾ നടപ്പാക്കാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
മാസങ്ങൾക്ക് മുമ്പും യോഗം ചേർന്ന് കുരുക്ക് ഒഴിവാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പലതും നടപ്പായില്ല. നഗരസഭയും ട്രാഫിക് പൊലീസും കൃത്യമായ നടപടികൾ സ്വീകരിക്കാൻ തയാറാകാത്തതാണ് കുരുക്കിന് കാരണമെന്ന് വിമർശനമുണ്ട്. തൊടുപുഴ നഗരത്തിൽ ഒമ്പതോളം ബൈപാസുകൾ ഉണ്ടെങ്കിലും ശാസ്ത്രീയമായി ഗതാഗത പരിഷ്കാരം നടപ്പാക്കുന്നില്ല. അനധികൃത പാർക്കിങ് മൂലം നഗരം വീർപ്പ് മുട്ടുകയാണ്.
ഗാന്ധി സ്ക്വയര്‍, മോര് ജങ്ഷൻ, മുനിസിപ്പല്‍ ജങ്ഷൻ, മണക്കാട് ജങ്ഷന്, ധന്വന്തരി ജങ്ഷന് എന്നിവിടങ്ങളിലെല്ലാം പലപ്പോഴും അനധികൃത പാർക്കിങ് കുരുക്കിന് കാരണമാക്കുന്നുണ്ട്. ബൈപാസുകളിലും പ്രധാന ജങ്ഷനുകളിലുമൊക്കെ വഴിയരികിലെ പാർക്കിങ് ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. വല്ലപ്പോഴുമെത്തി ട്രാഫിക് പൊലീസ് നടപടിയെടുത്ത് മടങ്ങും. ഇവർ പോയി അൽപസമയം കഴിയുന്നതോടെ വാഹനങ്ങൾ വീണ്ടും പാർക്ക് ചെയ്യും. കാൽനടക്കാർക്കും നഗരത്തിലെ സുഗമമായ ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രയാസങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായും ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. നഗരത്തിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.