തൊടുപുഴ: പൊള്ളുന്ന വേനൽ ചൂടിനിടെ തൊടുപുഴ നഗരത്തിൽ കുരുക്കും വർധിച്ചു. ഓരോ ദിവസം കഴിയുന്തോറും വിവിധ പ്രദേശങ്ങളിൽനിന്ന് നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുടെയും ജനങ്ങളുടെയും എണ്ണത്തിൽ നഗരം വീർപ്പ് മുട്ടുകയാണ്. വിശേഷദിവസങ്ങൾ ഏതുമായിക്കൊള്ളട്ടെ തലേദിവസം നഗരത്തിൽ കാൽകുത്താൻ കഴിയാത്ത സ്ഥിതിയാണ്.
രാവിലെയും വൈകീട്ടും മാത്രമല്ല, ഉച്ചനേരത്തെ പൊള്ളുന്ന ചൂടിലും ഇതേ അവസ്ഥയാണ്. ചെറുതും വലുതുമായ വാഹനങ്ങൾ നഗരത്തിലെ റോഡിലൂടെ മുന്നോട്ട് പോകാൻ കഴിയാതെ നിരങ്ങിനീങ്ങുന്ന അവസ്ഥയാണ്. തിരക്കിൽ കാൽനടക്കാരുടെ കാര്യം അതിലും കഷ്ടമാണ്. വാഹനങ്ങളുടെ അനിയന്ത്രിത വർധനയും അനധികൃത പാർക്കിങ്ങുമാണ് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നത്.
റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ വൻ കുരുക്കാണ് തൊടുപുഴ-കാഞ്ഞിമരമറ്റം ബൈപാസ്, കിഴക്കേയറ്റം, മാർക്കറ്റ് റോഡ്, മൂവാറ്റുപുഴ റോഡ്, പാലാ റോഡ് എന്നിവിടങ്ങളിൽ അനുഭവപ്പെടുന്നത്. ഓട്ടോകളുടെ അനധികൃത പാർക്കിങ്ങും വെല്ലുവിളിയാണ്.
നഗരത്തിലൂടെ കറങ്ങി ഓട്ടോകൾ യാത്രക്കാരെ തേടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം ഇരുഭാഗത്തും ലോറികൾ പാർക്ക് ചെയ്ത് ലോഡ് ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്. ഇതിന് നിയന്ത്രണം ഉണ്ടെങ്കിലും നോക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.