നെടുങ്കണ്ടം: പട്ടയമില്ലാത്ത ഭൂമി സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തി തുടങ്ങിയതോടെ ഉടുമ്പൻചോല താലൂക്കിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശങ്കയിൽ. ഡിജിറ്റൽ സർവേ റെക്കോഡുകൾ തയാറാക്കുമ്പോൾ നിലവിലെ റവന്യൂ രേഖകൾ പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ളതും രേഖകൾ ഇല്ലാതെ വ്യക്തികൾ കൈവശം വെച്ചിട്ടുള്ളതുമായ ഭൂമികൾ സർക്കാറിെൻറ പേര് ചേർത്തു മാത്രമേ റെക്കോഡിൽ ചേർക്കാവൂ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഭൂമിയിലെ കൈവശം സംബന്ധിച്ച വിവരങ്ങൾ പ്രത്യേക കൈവശ കോളത്തിലോ റിമാർക്സിലോ രേഖപ്പെടുത്തേണ്ടതില്ലെന്നുമാണ് നിർദേശം.
ജൂലൈ നാലിനാണ് പുതിയ ഉത്തരവിറങ്ങിയത്. സർവേ ജോ. ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർമാർ തുടങ്ങിയവർക്ക് ഉത്തരവ് ലഭിച്ചതോടെ കർഷകരുടെ കൈവശമുള്ള പട്ടയഭൂമി സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തി തുടങ്ങി. ഇരട്ടയാർ, വാത്തിക്കുടി പഞ്ചായത്തുകളിൽ പട്ടയമില്ലാത്ത ഭൂമികൾ റവന്യൂ ഭൂമിയായി രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, പുതിയ ഉത്തരവിറങ്ങിയ ശേഷമാണ് കൽക്കൂന്തൽ വില്ലേജിൽ ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ചത്.
ഇവിടെയും സർവേ പൂർത്തിയായ പ്രദേശങ്ങളിലെ പട്ടയമില്ലാത്ത ഭൂമി റവന്യൂ ഭൂമിയായി രേഖപ്പെടുത്തി കഴിഞ്ഞു. ഓരോ മേഖലയിലും പട്ടയഭൂമി അളന്നു തിട്ടപ്പെടുത്തിയ ശേഷമാണ് പട്ടയമില്ലാത്ത ഭൂമി അളന്ന് റവന്യൂ ഭൂമിയായി രേഖപ്പെടുത്തുന്നത്. ഈ രീതിയിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കി സർക്കാർ അംഗീകരിക്കുന്നതോടെ ഉടുമ്പൻചോല താലൂക്കിലെ ഭൂരിഭാഗം വില്ലേജുകളും റവന്യൂ ഭൂമിയായി മാറുമെന്ന ഭീതിയിലാണ് കർഷകർ. കാരണം താലൂക്കിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടയമില്ലാത്ത ഭൂമിയിൽ താമസിക്കുന്നത്.
മൂന്ന് സെന്റ് മുതൽ അഞ്ച് ഏക്കർ വരെ പട്ടയമില്ലാത്ത കർഷകരെയാണ് പുതിയ ഉത്തരവ് ബാധിക്കുന്നത്. കേരളത്തിൽ റീ സർവേ പൂർത്തീകരിച്ച് ലാൻഡ് രജിസ്റ്റർ നിലവിൽ വന്നത് 1976ലാണ്. ഈ രജിസ്റ്ററിൽ ഓരോ കർഷകരുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് കർഷകന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ രീതിയിൽ ഡിജിറ്റൽ സർവേ നടത്തിയാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.