മൂന്നാർ: സംഭരിക്കുന്ന പച്ചക്കറികളുടെ വില നൽകുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വട്ടവടയിൽ ഹോർട്ടികോർപ് പച്ചക്കറി സംഭരണം ആരംഭിക്കാത്തത് മുതലാക്കി ഇടനിലക്കാർ. കിലോക്ക് അഞ്ച് മുതൽ 15 രൂപ വരെയാണ് ഇടനിലക്കാർ കൈക്കലാക്കുന്നത്.
മുൻവർഷങ്ങളിൽ ഹോർട്ടികോർപ് പച്ചക്കറി സംഭരിച്ചിരുന്നത് ഇടനിലക്കാർ നൽകുന്നതിലും കൂടിയ വിലക്കായിരുന്നു. എന്നാൽ, കർഷകർക്ക് പണംകിട്ടാൻ താമസിക്കുന്നതും ചീഞ്ഞുനശിച്ചെന്ന പേരിൽ വില കുറക്കുന്നതും ചൂണ്ടിക്കാട്ടി ഇക്കൊല്ലം ഹോർട്ടികോർപിന് പച്ചക്കറി നൽകില്ലെന്ന് കർഷക കൂട്ടായ്മകൾ തീരുമാനിച്ചു.
ഇതാണിപ്പോൾ കർഷകർക്കുതന്നെ വിനയായത്. പച്ചക്കറി നൽകില്ലെന്ന് കർഷകർ തീരുമാനിച്ചതോടെ സമവായത്തിലെത്താൻ ഹോർട്ടികോർപും നടപടി സ്വീകരിച്ചില്ല. വർഷത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറികൾ വിളവെടുക്കുന്ന സമയമാണിപ്പോൾ. ക്യാരറ്റും കാബേജും കിഴങ്ങും ഉൾപ്പെടെ പ്രതിദിനം ശരാശരി 150ടൺ പച്ചക്കറിയാണ് കയറ്റിപ്പോകുന്നത്.
ഹോർട്ടികോർപ് രംഗം വിട്ടതോടെ ഇതിൽ പകുതിയും തമിഴ്നാട്ടിലേക്കാണ് പോകുന്നത്. ഇടനിലക്കാർ കർഷകരിൽനിന്ന് വാങ്ങി മറിച്ചുനൽകുമ്പോൾ കിലോക്ക് 15 രൂപയുടെ വരെ അന്തരം ഉണ്ടാകുന്നു. പൊതുവിപണിയിൽ 60 രൂപ വിലയുള്ള ക്യാരറ്റിന് കർഷകർക്ക് ലഭിക്കുന്നത് 20 രൂപവരെ മാത്രമാണ്. ഇടനിലക്കാരൻ മൊത്തവ്യാപാരിക്ക് നൽകുന്നത് 35 രൂപക്കും.
ഹോർട്ടികോർപ് എത്താതായതോടെ മൂന്നാറിലെ സ്വകാര്യ തേയിലക്കമ്പനി പച്ചക്കറികൾ സംഭരിച്ചുതുടങ്ങിയിട്ടുണ്ട്. സ്വന്തം ഔട്ട്ലറ്റുകൾ വഴി വിൽക്കാനാണ് സംഭരിക്കുന്നത്. എന്നാൽ, ഇവർ വാങ്ങുന്നതും ഇടനിലക്കാരിൽ നിന്നായതിനാൽ കർഷകർക്ക് പ്രയോജനമില്ല. ഹോർട്ടികോർപ് സംഭരിക്കാത്തത് ഓണനാളുകളിൽ വിപണിവില നിയന്ത്രണത്തെ ബാധിക്കും. ഇവിടെനിന്ന് തമിഴ്നാട്ടിൽ എത്തിച്ചശേഷം തിരിച്ച് നമ്മുടെ വിപണിയിൽ എത്തുമ്പോൾ വില അതിനനുസരിച്ച് വർധിക്കും. കർഷകരുമായി ചർച്ചനടത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കാതെ സംഭരണ രംഗത്തുനിന്ന് മാറിനിൽക്കുന്ന ഹോർട്ടികോർപിന്റെ നിലപാടിൽ കടുത്ത അമർഷത്തിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.