തൊടുപുഴ: ചൂടിനൊപ്പം കുടിവെള്ളക്ഷാമത്തിന്റെ ദുരിതം പേറുകയാണ് ജില്ല. ഹൈറേഞ്ചിലെ ജലസ്രോതസ്സുകൾ അതിവേഗമാണ് വറ്റിവരളുന്നത്. കിണറുകളുടെ അവസ്ഥയും ഭിന്നമല്ല. ദിനംപ്രതിയെന്നോണം ചുടിന് കാഠിന്യം കൂടുകയാണ്.
ഈ സ്ഥിതി തുടർന്നാൽ ആഴ്ചകള്‍ക്കുള്ളില്‍ കുടിവെള്ളക്ഷാമം ജനങ്ങൾക്ക് കൂടുതൽ ദുരിതമായി മാറും. നദികളിലും കിണറുകളിലും ദിവസവും ജലനിരപ്പ് ഗണ്യമായി കുറയുന്നു. ചെറുജലാശയങ്ങളെ വരള്‍ച്ച ബാധിച്ചു. ഇതുവരെ വറ്റാത്ത കുടിവെള്ള സ്രോതസ്സുകള്‍ പോലും ഉണങ്ങുകയാണ്. വിദൂര മേഖലകളിലും ആദിവാസി മേഖലകളിലും നിരവധി കുടിവെള്ള പദ്ധതികളാണ് നിര്‍മാണം നിലച്ചോ പ്രവര്‍ത്തനം തടസ്സപ്പെട്ടോ കിടക്കുന്നത്. ഇതൊന്നും പൂര്‍ത്തീകരിക്കാനോ പ്രവര്‍ത്തന സജ്ജമാക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജലനിധി പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പോലും ജലക്ഷാമം അതിരൂക്ഷമാണ്.
അടിമാലി: ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടേതായി ഒന്നിന് പിറകെ ഒന്നായി ആറ് പദ്ധതികൾ. ഇതിനു പുറമെ ജലനിധിയും. എന്നിട്ടും വെള്ളമെത്താത്ത ഒരു ഗ്രാമമുണ്ട്. അടിമാലി പഞ്ചായത്തിലെ പത്താം മൈൽ 20 സെന്റ് കോളനി. 20 സെന്റ് കോളനിക്ക് മുകൾ ഭാഗത്ത് എത്തിയാൽ കാണാം 10ലേറെ ടാങ്കുകൾ കാണാം.
ഇവ എന്തിനെന്ന് ചോദിച്ചാൽ 20 സെന്റ് കോളനി, തൊട്ടടുത്ത ലക്ഷംവീട് കോളനി എന്നിവിടങ്ങളിൽ കുടിവെളളം എത്തിക്കാനുള്ള പദ്ധതികളാണ്.
ഒരിക്കലെങ്കിലും വെള്ളം കിട്ടിയോ എന്ന് ചോദിച്ചാൽ തൊട്ടടുത്ത ദേവിയാർ പുഴ കാട്ടി ഇത്രനാളും ഞങ്ങളുടെ ദാഹമകറ്റിയത് ഈ പുഴയാണെന്നാണ് മറുപടി കിട്ടുക. എന്നാൽ ഇക്കുറി ദേവിയാർ പുഴയും വറ്റിയതോടെ ഇനിയെന്ത് എന്നാണ് ഇവിടുത്തുകാരുടെ ചോദ്യം. കാരണം അത്രക്കുണ്ട് ഈ ഭാഗത്തെ കുടിവെള്ള പ്രശ്നം.
ഒരു കോടി രൂപയിലേറെ മുടക്കിയ ദേവിയാര്‍ ജലനിധി കുടിവെളള പദ്ധതി പാഴായി. അധികൃതരുടെ വാക്ക് വിശ്വസിച്ച് പദ്ധതി വിഹിതം നല്കിയവര് പണവും പോയി വെളളവുമില്ല എന്ന അവസ്ഥയിലാണ്. വാളറ കോളനിപാലത്തിന് സമീപം കൂറ്റന്‍ കുളവും മുനിയറച്ചാല്‍ മലമുകളില്‍ വലിയ ടാങ്കുകളും നിർമിച്ചു.
വീടുകളില്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഒന്നരകോടിയോളം ചെലവ് വന്ന പദ്ധതിയില്‍ പദ്ധതി വിഹിതവും ഗുണഭോക്തൃ വിഹിതവും അധികമായി ഗുണഭോക്താക്കള്‍ പിരിച്ചുനല്‍കിയ ലക്ഷങ്ങളും പാഴായതല്ലാതെ ഇവിടെ ആര്‍ക്കും വെളളമെത്തിയിട്ടില്ല. 20 സെന്റ് കോളനി, ലക്ഷം വീട് കോളനി എന്നിവിടങ്ങളിലുളളവര്‍ ദൂരെ നിന്ന് കുടിവെള്ളം ചുമന്നാണ് കൊണ്ടുവരുന്നത്. പദ്ധതി കമ്മീഷന് ചെയ്യും മുമ്പേ പഞ്ചായത്തിനെ ഏൽപിച്ച് കരാറുകാരന് മുഴുവന്‍ തുകയും മാറിയെടുത്ത് ഇവിടം വിട്ടു.
ഇനി കുടിവെള്ളം കിട്ടുമെന്ന ഒരു പ്രതീക്ഷയുമില്ല. പത്താം മൈൽ മുതൽ ഇരുമ്പുപാലം വരെ പുഴയിൽ നോക്കിയാൽ നിരവധി മോട്ടറുകൾ പുഴയിൽ സ്ഥാപിച്ചത് കാണാം. എന്നാൽ, വറ്റിയ പുഴയും ഇക്കുറി ചതിക്കുമെന്ന ആശങ്കയിലാണ് ജനം.
കുമളി: വേനൽ കടുത്തതോടെ വരൾച്ച രൂക്ഷമായി. കാർഷിക വിളകൾ പല ഭാഗത്തും കരിഞ്ഞുണങ്ങി തുടങ്ങി. കുംഭത്തിൽ പ്രതീക്ഷിച്ച ഒറ്റപ്പെട്ട മഴ കിട്ടാതായതോടെ കർഷകരും നിരാശരായി.
മൂന്നു പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന തേക്കടി തടാകത്തിലെ ജലനിരപ്പും താഴ്ന്നു തുടങ്ങി. കുമളിക്കു പുറമേ ചക്കുപള്ളം, വണ്ടൻമേട് പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കുന്നത് തേക്കടി തടാകത്തിൽ നിന്നാണ്. കൃത്യമായി ഇവിടെ നിന്ന് ജലം പമ്പ് ചെയ്യാത്തത് പല ഭാഗത്തും കുടിവെള്ള പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.
കുമളി പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ അമരാവതി കുരിശുമല ഭാഗത്ത് രണ്ടാഴ്ചയിലധികമായി കുടിവെള്ളമെത്തുന്നില്ല. സർക്കാറിന്റെ സൗജന്യ കുടിവെള്ള പദ്ധതി പ്രകാരം അടുത്ത കാലത്ത് നിരവധി കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകൾ നൽകിയെങ്കിലും വെള്ളമില്ല. കണക്ഷനുകൾ നൽകിയ മിക്ക ഭാഗത്തും പണി തീർത്ത് കരാറുകാരൻ പോയതോടെ പൈപ്പുകൾ വഴി ലീക്കായി ജലം പാഴാകുന്നു. കുമളി അമരാവതിയിലെ ജല വിതരണ കേന്ദ്രത്തിൽ നിന്നും ഓരോ ഭാഗത്തേക്കും ജലം തുറന്നുവിടുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ പല ഭാഗത്തും ആഴ്ചകളോളമാണ് കുടിവെള്ളം മുടങ്ങുന്നത്.
ആഴ്ചതോറും ഓരോ ഭാഗത്തേക്കും ജലം തുറന്നുവിടുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കാൻ അധികൃതർ നടപടി സ്വീകരിക്കാതെ അലംഭാവം തുടരുകയാണ്. ഹൈറേഞ്ചിലെ പ്രധാന കാർഷിക, നാണ്യ വിളകളായ ഏലം, കുരുമുളക് തുടങ്ങി വാഴയും പച്ചക്കറികളും വരെ വേനൽ ചൂടിൽ കരിഞ്ഞുതുടങ്ങി. മുൻകാലങ്ങളിൽ നൽകിയിരുന്ന വാട്ടർഷെഡ്, മഴവെള്ള സംഭരണി ഉൾപ്പെടെ വിവിധ പദ്ധതികൾ ത്രിതല പഞ്ചായത്ത് നിർത്തലാക്കിയതോടെ വേനൽക്കാലത്ത് വിളകൾ സംരക്ഷിക്കാൻ വെള്ളം ഇല്ലാതെ നട്ടം തിരിയുകയാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.