തൊടുപുഴ: വന്യമൃഗ ശല്യം പരിഹരിക്കാൻ സർക്കാർ സഹായത്തോടെ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഏറ്റെടുക്കാനും ഇടുക്കി പാക്കേജിൽ പത്ത് കോടി രൂപ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കാനും തീരുമാനം. ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഹാരമാർഗങ്ങളും സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
അപകടകാരികളായ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ കയറുന്നത് തടയാൻ ഫെൻസിങ്, ട്രഞ്ചിങ്, ഹാങ്ങിങ് ഫെൻസിങ് തുടങ്ങി വിവിധ പ്രവൃത്തികളിൽ ഉൾപ്പെടുത്തി വിശദ പദ്ധതി തയാറാക്കി അംഗീകാരത്തിന് സമർപ്പിച്ചതായി സി.സി.എഫ് ആർ.എസ്. അരുൺ പറഞ്ഞു. വന്യമൃഗശല്യം മൂലം ജില്ല നേരിടുന്ന ഗുരുതര സാഹചര്യം പരിഗണിച്ച് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ആവശ്യപ്പെട്ടു.
സർക്കാർ സഹായത്തോടെയുള്ള പദ്ധതികളാണ് തയാറാക്കുന്നത്. ജില്ലതലത്തിലും പ്രാദേശികതലത്തിലും മോണിറ്ററിങ് സംവിധാനങ്ങൾ ഏർപ്പെടുത്താനും മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെ സാധ്യമായ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങള്‍, സി.സി.എഫ് ആര്.എസ്. അരുണ്‍, ഡി.എഫ്.ഒമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസവും മൂന്നാറിലും പൂപ്പാറയിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു.
മൂന്നാറിൽ നിർത്തിയിട്ട ലോറിയിൽനിന്ന് തേയിലച്ചാക്കുകൾ നശിപ്പിക്കുകയും റോഡിലിറങ്ങി നിന്ന ആനയുടെ ദേഹത്ത് കാറിടിച്ച് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനവിഭവം ശേഖരിക്കാൻ പോയ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മറയൂർ: ഭൂരിഭാഗം പേരും കർഷക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കാന്തല്ലൂരിലെ കൃഷിപ്പാടങ്ങൾ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളായി. രാപ്പകൽ ഭേദമന്യേ ജനവാസ മേഖലയിൽ എത്തുന്ന ആനയും കാട്ടുപോത്തും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി.
കഴിഞ്ഞദിവസം അർധരാത്രിയോടെ കീഴാന്തൂർ ഗ്രാമത്തിലെ വീടുകൾക്ക് സമീപം എത്തിയ മൂന്നു കൊമ്പന്മാർ അടങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശവാസികളെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. ഈ സമയം അത്രയും കൊമ്പന്മാർ കൃഷിയും മരങ്ങളും മറ്റും നശിപ്പിച്ചു. തലേദിവസം വൈകീട്ട് നാലോടെ എത്തിയ കാട്ടുപോത്തും ആശങ്ക പടർത്തിയിരുന്നു.
പകൽപോലും ഗ്രാമങ്ങളിലെത്തുന്ന അക്രമകാരികളായ വന്യമൃഗങ്ങളാൽ കൃഷിപ്പാടങ്ങളിൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് കീഴാന്തൂരിലെ കർഷകർ. വ്യാപക കൃഷിനാശവും പതിവാണ്. പ്രധാനമായും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്ന വെട്ടുകാട് ഭാഗത്ത് റോഡിലൂടെയുള്ള യാത്രക്കാർക്ക് നേരെയും ആക്രമണശ്രമവും പതിവാണ്. ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ തുടരുന്ന സാഹചര്യത്തിൽ വനാതിർത്തി കടന്ന് ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണം എന്നതാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.