ഇടുക്കി: വേനൽ കടുത്തതോടെ തോട്ടം മേഖലയിൽ കടുവ, പുലി, കാട്ടാന എന്നിവയുടെ ആക്രമണം രൂക്ഷമായി. മേയാൻ വിട്ടിരുന്ന ഗർഭിണി പശുവിനെ കഴിഞ്ഞ ദിവസം മൂന്നാറിൽ കടുവ കൊന്നു തിന്നു. തലയാർ എസ്റ്റേറ്റിൽ കടുകുമുടി ഡിവിഷനിൽ ശേഖറിന്റെ അഞ്ച് മാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നു പാതി തിന്നത്. പശുവിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലാണ് എസ്റ്റേറ്റിലെ നഴ്സറി ഡിവിഷനിൽ പശുവിന്റെ ജഡം കണ്ടെത്തിയത്.
തോട്ടം ഉൾപ്പെടെയുളള മേഖലകളിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി മൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ മൂരി, പോത്ത്, പശു, കിടാരി എന്നിവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ ഇക്കാലയളവിൽ അഞ്ചു പശുക്കളെ കടുവ ആക്രമിച്ചു പരുക്കേൽപിച്ചു. 10 മുതൽ 20 ലീറ്റർ വരെ ദിവസവും പാൽ ലഭിച്ചിരുന്ന കന്നുകാലികളാണ് കൊല്ലപ്പെട്ടവയിൽ അധികവും.
പീരുമേട് പട്ടുമലയിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങി പശുവിനെ കൊന്നു തിന്നു. എസ്റ്റേറ്റിലെ ചന്ദ്രബോസിന്റെ പശുവിനെയാണ് പുലി വകവരുത്തിയത്. പൂങ്കാവനം തേയിലത്തോട്ടത്തിനു സമീപം കണ്ടെത്തിയ പശുവിന്റെ പകുതി മാംസം ഭക്ഷിച്ച നിലയിലായിരുന്നു. മുൻപും ചന്ദ്രബോസിന്റെ കന്നുകാലികൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
പീരുമേട് : തോട്ടാപ്പുരയിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ കാട്ടാന നാശം വിതച്ചു. ശനിയാഴ്ച്ച രാത്രി ഒൻപതിന് കൃഷി ഭൂമിയിലിറങ്ങിയ കൊമ്പൻ കൃഷികൾ നശിപ്പിച്ചു. പ്രദേശവാസികൾ പടക്കം പൊട്ടിച്ചെങ്കിലും ആന പിൻമാറിയില്ല. കൃഷിയും ഇട കൈയ്യാലകളും ആന നശിപ്പിച്ചു. വനംവകുപ്പ് അധികൃതർ എത്തി രാത്രി രണ്ട് മണിയോടെ സമീപത്തെ വനത്തിലേക്ക് കയറ്റി വിട്ടു.
വീടുകൾക്ക് സമീപം ആന നില ഉറപ്പിച്ചതോടെ പ്രദേശവാസികൾ മണിക്കുറുകളോളം ഭീതിയിലായി. കഴിഞ രണ്ട് വർഷക്കാലമായി ഈ മേഖലയിൽ കാട്ടാനക്കുട്ടം കൃഷിഭൂമിയിൽ കയറി നാശം വിതക്കുകയാണ്. വാഴ , തെങ്ങ്, ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുന്നതിനാൽ പലരും കൃഷിയും ഉപേക്ഷിച്ച് പിൻമാറുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.