തൊടുപുഴ: വന്യമൃഗങ്ങള്‍ കൃഷിയിടത്തിൽ കടന്നുകയറി നാശനഷ്ടം വരുത്തുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. വിളവെടുക്കുന്നതിന് മുമ്പേ കാട്ടുമൃഗങ്ങള്‍ കാര്ഷികോൽപന്നങ്ങള് പിഴുത് നശിപ്പിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം ശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ വനംവകുപ്പിന് കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ വഴികാണാതെ കൃഷി പോലും ഉപേക്ഷിക്കാന്‍ പലരും നിര്‍ബന്ധിതമാകുകയാണ്. അടുത്ത നാളുകളിലായി ജില്ലയില്‍ പലയിടങ്ങളിലും വന്യമൃഗശല്യം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊമ്മന്‍കുത്തിലും അമയപ്രയിലും വനാതിര്‍ത്തിക്കു സമീപമുള്ള കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്ന ഇവിടെ ആദ്യമായാണ് കാട്ടാനകളുടെ ആക്രമണമുണ്ടാകുന്നത്.
മുള്ളരിങ്ങാട് മേഖലയിലും കാട്ടാന ശല്യം വര്‍ധിച്ചിട്ടുണ്ട്. മാങ്കുളം പഞ്ചായത്തിലെ കാര്‍ഷിക മേഖലകളില്‍ കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. അടിമാലി ടൗണിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം മൂലം കര്‍ഷകര്‍ പൊറുതി മുട്ടിയ നിലയിലാണ്. മൂന്നാര്‍ കന്നിമല ടോപ്പ്, പെരിയവര എന്നിവിടങ്ങളില്‍ ഒരു വര്‍ഷമായി കാട്ടാന ശല്യം രൂക്ഷമാണ്. പടയപ്പ എന്ന കാട്ടാന മൂന്നാറിലെ സ്ഥിരം സാന്നിധ്യമാണ്. മുട്ടം ടൗണിന് സമീപം കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. വാഴത്തോപ്പ്, വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിലും വന്യമൃഗ ശല്യം പതിവാണ്. കഴിഞ്ഞ ദിവസം മറയൂർ കോവിൽ കടവ് ടൗണിൽ 20ഓളം കാട്ടുപന്നികളാണ് കൂട്ടത്തോടെ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.