പീരുമേട്: ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഡിവിഷനുകളുടെ ഏകോപനമില്ല. എരുമേലി റേഞ്ചിന്റെ പരിധിയിലെ പീരുമേട് മേഖലകളിലാണ് കാട്ടാനക്കൂട്ടമിറങ്ങി നാശം വിതക്കുന്നത്. എരുമേലി ഡിവിഷന് ഇവിടെ റാപ്പിഡ് റെസ്ക്യൂ ടീമിന്റെ ഓഫിസില്ല. പീരുമേട്ടിൽ പ്രവർത്തിക്കുന്നത് പെരിയാർ ടൈഗർ റിസർവിന്റെ റാപ്പിഡ് റെസ്ക്യൂ ടീം ഓഫിസാണ്. അടിയന്തര ഘട്ടങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്. പീരുമേട്ടിൽ കാട്ടാന ഇറങ്ങുമ്പോൾ ആർ.ആർ.ടി സംഘം മൂന്നാറിലായിരിക്കും. ഇതോടൊപ്പം എരുമേലി റേഞ്ചിൽ പ്രവർത്തനത്തിനും പരിധിയുണ്ട്.
അവശ്യഘട്ടങ്ങളിൽ ടീം എത്തി ജനവാസ മേഖലകളിൽനിന്ന് കാട്ടാനയെ തുരത്തുമെങ്കിലും തിരിച്ചെത്താൻ സാധിക്കാത്തവിധം മടക്കിവിടേണ്ടത് എരുമേലി ആർ.ആർ.ടിയാണ്. 2017 മുതൽ പീരുമേട്, പ്ലാക്കത്തടം, കണയങ്കവയൽ, പുറക്കയം, മേഖലകളിൽ ആനക്കൂട്ടമിറങ്ങി നാശംവിതക്കുകയാണ്.
എന്നാൽ, ആർ.ആർ.ടിയെ ഇവിടെ അനുവദിച്ചിട്ടില്ല. എരുമേലി റേഞ്ചിന് പീരുമേട്ടിൽ ഓഫിസും മുറിഞ്ഞപുഴയിൽ ഫോറസ്റ്റ് സ്റ്റേഷനുമുണ്ട്. കെട്ടിട സൗകര്യമുള്ളതിനാൽ ജീവനക്കാരെ നിയമിച്ചാൽ മാത്രം മതിയാകും. വനം വകുപ്പിലെ ഡിവിഷനുകൾ തമ്മിൽ ഏകോപനമില്ലാതെ ആനക്കൂട്ടം എത്തുമ്പോൾ താൽക്കാലികമായി തുരത്തിവിടുക മാത്രമാണ് ചെയ്യുന്നത്. ജനവാസ മേഖലകളിൽ ആനയെത്താതെ ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.