തൊടുപുഴ: വിളകളുടെ വിലത്തകർച്ച മൂലം ജില്ലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധി ചെറുതല്ല. അതുകൊണ്ട് തന്നെ ജില്ലയുടെ നട്ടെല്ലായ കാർഷിക മേഖല വളരെ പ്രതീക്ഷയോടെയാണ് വെള്ളിയാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിനെ നോക്കിക്കാണുന്നത്. തോട്ടവിള കൃഷി അനാകർഷകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പണിയെടുക്കുന്ന തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും താഴേക്ക് പോകുന്നു. ഈ സാഹചര്യത്തിൽ തോട്ടം മേഖലക്ക് ഗുണകരമാകുന്ന ഒരു ബജറ്റ് കൂടിയായിരിക്കും ഇത്തവണത്തേതെന്നാണ് ജില്ലയുടെ പ്രതീക്ഷ.
അതേസമയം, മുൻ കാലങ്ങളിലെ ബജറ്റുകളിലെ പല പ്രഖ്യാപനങ്ങളും പൂർണതോതിൽ നടപ്പാക്കാനായിട്ടില്ലെന്നതും വസ്തുതയാണ്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും ലക്ഷ്യത്തിലെത്താതെ കിടക്കുന്നു. ലയങ്ങളിലെ ജീവിതം ഇപ്പോഴും നരകതുല്യമാണ്. വന്യമൃഗശല്യത്തിന് തടയിടാനും മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾക്ക് കഴിഞ്ഞിട്ടില്ല. ടൂറിസം സെന്ററുകളെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനങ്ങൾ പലപ്പോഴും ഉയർന്ന് കേൾക്കുന്ന ഒന്നാണ്. ചില സെന്ററുകളൊക്കെ മോടികൂട്ടിയെങ്കിലും പലതിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികളുമുണ്ട്. വലിയ പ്രതീക്ഷകളുമായി എത്തിയ ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാനപനങ്ങളും ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷി, വ്യവസായം, ടൂറിസം എന്നിവയുടെ വികസനം, പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കൽ, ദാരിദ്ര നിർമാർജനം എന്നിങ്ങനെ ആറു മേഖലയിലായി അഞ്ചു വർഷംകൊണ്ട് ഇടുക്കിയുടെ സമഗ്ര വികസനമാണ് നേരത്തേ പ്രഖ്യാപിച്ച ഇടുക്കി പാക്കേജിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ബജറ്റിൽ പാക്കേജിന്റെ തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരമാർശമുണ്ടാകുമെന്ന് കരുതുന്നു. ദേശീയ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മൂന്നാർ, തേക്കടി, വാഗമൺ, ഇടുക്കി തുടങ്ങിയ ഭൂപ്രദേശങ്ങൾ മാത്രമല്ല ഹൈറേഞ്ചിലെ ഓരോ ഗ്രാമ പ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
ഈ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യത്തിൽ പ്രധാന വെല്ലുവിളി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. നല്ല റോഡുകൾ എന്നത് പലയിടങ്ങളിലും സ്വപ്നമായി ഇപ്പോഴും അവശേഷിക്കുന്ന കാര്യമാണ്.
റോഡ്, പാലങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രഖ്യാപനങ്ങളടക്കം ജില്ലക്ക് അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.