പട്ടാപ്പകൽ ബോംബേറ്; സംഘർഷം; മോക്ഡ്രിൽ ഞെട്ടലിൽ പയ്യന്നൂർ

പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് പെട്ടെന്ന് ബോംബ് പോലെ എന്തോ ഒന്ന് പൊട്ടിത്തെറിക്കുന്നു. സ്ഫോടന ശബ്ദം കേട്ട് യാത്രക്കാരും ചുമട്ടുകാരും ഓട്ടോ ഡ്രൈവർമാരും ബസ് ജീവനക്കാരും നോക്കിയപ്പോൾ കാണുന്നത് സ്ഫോടനത്തിന്റെ പുകയോടൊപ്പം ഒരു സംഘം യുവാക്കളുടെ കൂട്ടയടി. അൽപമൊന്നമ്പരന്ന ശേഷം കാഴ്ചക്കാരായ പലരും അടിയിൽ ഇടപെടാൻ തുടങ്ങി. ഇരുവിഭാഗത്തെയും പിടിച്ചു മാറ്റാൻ പലരും നന്നേ പാടുപെട്ടു. അധികം വൈകാതെ പയ്യന്നൂർ എസ്.എച്ച്.ഒ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ പി.വിജേഷ് അടക്കമുള്ള പൊലീസ് സംഘം ഇരമ്പിയെത്തി. എത്തിയ ഉടൻ അടിപിടിയിലേർപ്പെട്ടവരെ തൂക്കിയെടുത്ത് ജീപ്പിലിട്ടു. ബോംബേറിലും അടിപിടിയിലും പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക്. ഉടനെത്തിയ പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു. സ്ഫോടനം നടന്ന സ്ഥലം റിബൺ കെട്ടി വേർതിരിക്കുന്നു .വൈകാതെ തന്നെ ബോംബ് സ്ക്വാഡും ബോംബ് സ്ക്വാഡിലെ നായ് ഗൗരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ചിതറിക്കിടക്കുന്ന സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ ശേഖരിച്ചു. തിരക്കേറിയ നഗരത്തിൽ പൊലീസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഒരു ബോധവത്കരണമായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇതോടെ അൽപം ചമ്മലോടെ ജനം സാധാരണ തിരക്കിലേക്ക് മടങ്ങി. വർഗീയ സംഘർഷങ്ങളുടെപോലും സാധ്യത തള്ളിക്കളയാനാകാത്ത സാഹചര്യത്തിൽ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കുകയാണ് പൊലീസ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ മോക്ഡ്രില്ലിലൂടെ സാധിച്ചതിന്റെ ത്രില്ലിലായിരുന്നു പയ്യന്നൂർ പൊലീസ്. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി. രമേശൻ, കൺട്രോൾ റൂം ഇൻസ്പെക്ടർ ഓഫ് പൊലീസ് മുകുന്ദൻ, പയ്യന്നൂർ എസ്.എച്ച്.ഒ. മഹേഷ് കെ. നായർ, എസ്.ഐ പി. വിജേഷ് എന്നിവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി. പി-വൈ.ആർ മോക്ഡ്രിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ വർഗീയ സംഘർഷമുണ്ടായാൽ നേരിടുന്ന വിധം പൊലീസ് മോക്ഡ്രില്ലിലൂടെ കാണിച്ചു കൊടുക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.