കണ്ണൂർ: സ്കൂൾ ശാസ്ത്രോത്സവത്തിന് വിദ്യാലയങ്ങളിൽനിന്ന് കുട്ടികളെ തെരഞ്ഞെടുക്കുമ്പോൾ ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. 2009ൽ പരിഷ്കരിച്ച മാന്വൽ 2017ൽ ചെറിയ ഭേദഗതിയിലൂടെ പുതുക്കിയിരുന്നു. അത് സമഗ്രമായി പുതുക്കുന്നതാണെന്ന് കഴിഞ്ഞ അധ്യയനവർഷം മുതൽ പറഞ്ഞുതുടങ്ങിയതാണ്. ഈ അധ്യയന വർഷം പകുതിയാകാറായിട്ടും മാന്വൽ പരിഷ്കരണം നടന്നിട്ടില്ല. സബ് ജില്ല തലത്തിലേക്ക് മത്സരിക്കുന്നതിന് വിദ്യാലയങ്ങളിൽനിന്ന് കുട്ടികളെ തെരഞ്ഞെടുത്തു കഴിഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ചു വിജയിച്ച കുട്ടികളും കൂട്ടത്തിലുണ്ട്.
സബ് ജില്ല മേളകൾ ഒക്ടോബർ പകുതിക്ക് മുമ്പേ നടത്തുന്നതിന് സംഘാടക സമിതികൾ രൂപവത്കരിച്ച് പ്രവർത്തനങ്ങൾ ഊർജിതമായി. തെരഞ്ഞെടുത്ത കുട്ടികൾ പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. ഇത്തരുണത്തിൽ മാന്വൽ പുതുക്കി ഉത്തരവിറക്കിയാൽ അത് കുട്ടികളെ മാനസികമായി തകർക്കും. പ്രാക്ടീസ് ചെയ്ത ഇനങ്ങൾ ഇല്ലാതാവുന്ന അവസ്ഥയും കുട്ടികളിൽ മാനസിക പിരിമുറുക്കമുണ്ടാക്കും. അതുകൊണ്ട് മാന്വൽ പരിഷ്കരണം ഉത്തരവ് മധ്യവേനലവധിക്കാലത്ത് വേണമെന്നാണ് അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
മേളകളുടെ സുഗമമായ നടത്തിപ്പിനും ഇതാവശ്യമാണ്. കേവലം അറിവ് ഉൽപാദന പ്രക്രിയക്കപ്പുറം കുട്ടികളുടെ പ്രവൃത്ത്യുന്മുകവും നൈസർഗികവുമായ കഴിവുകളെ വികസിപ്പിക്കുകയും തൊഴിലിനോടും പ്രകൃതിയോടും ആഭിമുഖ്യം സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിന്റെ നാലു ചുമരുകൾക്കുള്ളിൽനിന്ന് പുറത്തേക്ക് കുട്ടികളെ കൊണ്ടുവരുന്നത്. അതുകൊണ്ട് ശാസ്ത്രോത്സവ മാന്വൽ പരിഷ്കരണം ധിറുതി പിടിക്കാതെ താഴെ തട്ടിലുള്ള അധ്യാപകരുടെയും രക്ഷിതാക്കളുടെയും, മേളകളിൽ മുമ്പ് പങ്കെടുത്ത കുട്ടികളുടെയും അഭിപ്രായങ്ങൾകൂടി പരിഗണിച്ച് വിശാല ചർച്ചയിലൂടെ (പാഠ്യപദ്ധതി ചട്ടക്കൂട്, വിദ്യാഭ്യാസ അവകാശ നിയമം എന്നിവക്ക് നൽകിയ പരിഗണനപോലെ) വേണമെന്ന് പ്രവൃത്തി പരിചയ അധ്യാപക പരിശീലന വിഭാഗം പ്രഥമ സംസ്ഥാന റിസോഴ്സ് ഗ്രൂപ് അംഗവും കോർ ഗ്രൂപ് അംഗവുമായിരുന്ന ജനു ആയിച്ചാൻകണ്ടി അഭിപ്രായപ്പെട്ടു. ഗ്രേസ് മാർക്കിനപ്പുറം പിൽക്കാലത്ത് ജീവിതത്തിലുപകരിക്കുന്ന തരത്തിലുള്ള ഇനങ്ങളാവണം പ്രവൃത്തി പരിചയമേളയിൽ മത്സര ഇനങ്ങളായി തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.