അഴീക്കൽ: കേരളത്തിൽ ശക്തമായ തിരമാലകൾ അടിക്കുന്ന തീരദേശത്തിന്റെ സംരക്ഷണത്തിനായി 5400 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നതെന്നും ഇതിൽ 1500 കോടി രൂപ കിഫ്ബി പദ്ധതിയിൽപെടുത്തി അനുവദിച്ചതായും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
അഴീക്കോട് മണ്ഡലത്തിലെ അഴീക്കൽ തീരമേഖലയിൽ പുനർനിർമിച്ച കടൽഭിത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തീരദേശത്ത് ജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് കടലിൽനിന്ന് വെള്ളം കയറുകയും ജീവിത സാഹചര്യങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്. അത് പരിഹരിക്കാനുള്ള അക്ഷീണമായ പരിശ്രമം സമയബന്ധിതമായി അഴീക്കലിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
വളപട്ടണം പുഴ വന്നുചേരുന്ന അഴിമുഖം മുതൽ പഴയ ബോട്ടുജെട്ടി വരെയുള്ള 410 മീറ്റർ നീളത്തിൽ അടിയന്തിര കടൽഭിത്തിയുടെ നിർമാണത്തിനും റിട്ടേൺ സീവാളിന്റെ ഉയരം കൂട്ടുന്നതിനുമായി 1.12 കോടിയുടെ അഞ്ച് പദ്ധതികളാണ് പൂർത്തീകരിക്കപ്പെട്ടത്.
കേരളത്തിൽ കടൽക്ഷോഭ ഭീഷണിയുള്ള പത്തിലേറെ ഹോട്ട് സ്പോട്ടുകൾ ഉണ്ടെന്നാണ് കണാക്കാക്കുന്നത്. നാഷനൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ച് മൂന്ന് ഹോട്ട് സ്പോട്ടുകളുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. താമസിയാതെ അവയുടെ പ്രവൃത്തികൾ ആരംഭിക്കും.
തീരദേശമേഖലയുടെ സംരക്ഷണം സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. എറണാകുളം ചെല്ലാനത്ത് ടെട്രാപോഡുകൾ ഉപയോഗിച്ച് സംരക്ഷിത കടൽഭിത്തികളുടെ നിർമ്മാണം 80 ശതമാനത്തോളം പൂർത്തീകരിച്ചു. രണ്ടര ടൺ-മൂന്നര ടൺ വീതം ഭാരമുളള ടെട്രാപോഡുകൾ കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ സ്ഥാപിച്ചതോടെ തിര അടിച്ച് ശാന്തമായി കടലിലേക്ക് പോവുകയാണെന്നും മന്ത്രി പറഞ്ഞു. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജലസേചനവും ഭരണവും തിരുവനന്തപുരം ചീഫ് എൻജിനീയർ ആർ. പ്രിയേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. ടി. സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷ്, സ്ഥിരം സമിതി ചെയർപേഴ്സൻ കെ. ഗിരീഷ് കുമാർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.