കണ്ണൂർ: സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷാഫലം ആദ്യം പ്രസിദ്ധീകരിച്ച് കണ്ണൂർ സർവകലാശാല. ഡിസംബർ ഒമ്പതിന് കഴിഞ്ഞ പരീക്ഷയുടെ ഫലമാണ് റെക്കോഡ് വേഗത്തിൽ വ്യാഴാഴ്ച വൈകീട്ട് പ്രസിദ്ധീകരിച്ചത്.
സർവകലാശാലക്കു കീഴിലെ നൂറോളം കോളജുകളിലായി 15000ത്തോളം വിദ്യാർഥികളുടെ ഫലമാണ് പുറത്തുവിട്ടത്. സർവകലാശാല പഠനവകുപ്പുകളിലെ ബിരുദ കോഴ്സുകളിലെ ഫലം മൂന്നുദിവസം മുമ്പും പ്രസിദ്ധീകരിച്ചിരുന്നു.
നവംബർ 25 മുതൽ ഡിസംബർ ഒമ്പതു വരെയായിരുന്നു പരീക്ഷകൾ. പരീക്ഷ നടന്ന് ഇത്രയും വേഗത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണെന്ന് രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് പറഞ്ഞു.
നാലു വർഷ ബിരുദ കോഴ്സ് നടത്തിപ്പിനുള്ള കെ-റീപ് (കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) സോഫ്റ്റ്വെയർ ആണ് ഫലം വേഗത്തിലാക്കാൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സർവകലാശാലകളിൽനിന്ന് വ്യത്യസ്തമായി ആദ്യ സെമസ്റ്ററിൽ തന്നെ ഓൺലൈൻ ചോദ്യ ബാങ്കിന്റെ സഹായത്തോടെ പരീക്ഷ പൂർത്തീകരിച്ചു എന്നതാണ് പ്രത്യേകത.
കെ -റീപ് വഴി രജിസ്ട്രേഷൻ, ഹാൾടിക്കറ്റ് വിതരണം, ഇന്റേണൽ മാർക്ക് എൻട്രി, അധ്യാപകരുടെ കോഴ്സ് മാപ്പിങ്, റിസൾട്ട് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവ പൂർത്തീകരിച്ചു. കേന്ദ്രീകൃത മൂല്യനിർണയത്തിനുപകരം അതത് കോളജുകളിൽ തന്നെയാണ് മൂല്യനിർണയം പൂർത്തീകരിച്ചത്.
കണ്ണൂർ സർവകലാശാല അധ്യാപകനായ ഡോ. മുരളീധരന്റെ നേതൃത്വത്തിൽ തയാറാക്കിയ പരീക്ഷ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓൺലൈൻ ചോദ്യ ബാങ്കുകൾ തയാറാക്കിയത്. 272 കോഴ്സുകളിലായി അമ്പതിനായിരത്തിൽ അധികം ചോദ്യങ്ങൾ ഉൾപ്പെടുന്ന ചോദ്യ ബാങ്കുകളാണ് ആയിരത്തിലധികം അധ്യാപകർ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.