കണ്ണൂർ: ജില്ല ആശുപത്രിയിൽ ഒരുക്കിയ 6000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് മന്ത്രി എം.വി. ഗോവിന്ദൻ നാടിന് സമർപ്പിച്ചു. ജില്ല പഞ്ചായത്തും 'കെയര്‍ ഇന്ത്യ' സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. അന്തരീക്ഷത്തില്‍നിന്ന് ശേഖരിച്ച് സംസ്‌കരിച്ച ശേഷം 98 ശതമാനം ശുദ്ധമായ ഓക്‌സിജനാണ് ടാങ്കിൽനിന്ന് വിതരണം ചെയ്യുക.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളില്‍ കോവിഡ് രണ്ടാം തരംഗം വ്യാപകമായ വേളയില്‍ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് ഒാക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ജില്ലയിലെ മറ്റ് ആശുപത്രികളിലും ഇത്തരം ഓക്സിജന്‍ ടാങ്കുകളും പ്ലാൻറുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൈപ്പ് വഴിയാണ് കോവിഡ് വാര്‍ഡുകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുക. ടാങ്കിന് ചുറ്റിലുമുള്ള ഇരുമ്പ് വേലിക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപയാണ് ജില്ല പഞ്ചായത്ത് അനുവദിച്ചത്. ഇതിനുപുറമെ, ബി.പി.സി.എല്ലിൻെറ സഹായത്തോടെ 500 ലിറ്റര്‍ പെര്‍ മിനിറ്റ് (എല്‍.പി.എം) ഉല്‍പാദന ശേഷിയുള്ള ഓക്സിജന്‍ ജനറേറ്ററിൻെറ നിര്‍മാണവും ജില്ല ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.
ജില്ല ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ. രത്നകുമാരി, യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, അംഗം തോമസ് വക്കത്താനം, ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക്, ഡി.പി.എം ഡോ. പി.കെ. അനില്‍ കുമാര്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവ്, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.