ശ്രീകണ്ഠപുരം: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ട ഊരത്തൂരിലെ എ.ബി.സി കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ചവരെ വന്ധ്യംകരിച്ചത് 72 തെരുവ് നായ്ക്കളെ. 39 ആണിനെയും 33 പെണ്ണിനെയുമാണ് വന്ധ്യംകരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ ഒക്ടോബർ നാലിനാണ് പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ എ.ബി.സി കേന്ദ്രം തദ്ദേശ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്. പ്രവർത്തനം തുടങ്ങിയ ആദ്യ 10 ദിവസങ്ങളിൽ നാല് നായ്ക്കളെ മാത്രമായിരുന്നു വന്ധ്യംകരിച്ചത്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ തുടക്കത്തിൽ പ്രതീക്ഷിച്ച രീതിയിൽ വന്ധ്യംകരണം നടത്താനായില്ല. പിന്നീട് ഒക്ടോബർ 14നുശേഷമാണ് എ.ബി.സി കേന്ദ്രം പൂർണതോതിൽ പ്രവർത്തനസജ്ജമായത്. നിലവിൽ രണ്ട് ഡോക്ടർമാർ, രണ്ട് ഓപറേഷൻ തിയറ്റർ സഹായികൾ, എട്ട് നായ് പിടിത്തക്കാർ, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിവരാണ് കേന്ദ്രത്തിൽ ജോലി ചെയ്യുന്നത്. 63 ലക്ഷം രൂപ ചെലവിൽ നിർമിച്ച എ.ബി.സി കേന്ദ്രത്തിൽ 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ, രണ്ട് ഓപറേഷൻ തിയറ്ററുകൾ, പ്രീ ആൻഡ് പോസ്റ്റ് ഓപറേറ്റിവ് മുറികൾ, ജീവനക്കാർക്കുള്ള ഡോർമെറ്ററി, എ.ബി.സി ഓഫിസ്, സ്റ്റോർ, മാലിന്യ നിർമാർജന സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. അതിരാവിലെയും വൈകീട്ടുമാണ് ഇവയെ പിടികൂടുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആൺ നായ്ക്കളെ മൂന്നു ദിവസവും പെൺ നായ്ക്കളെ അഞ്ചു ദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിച്ച നായ്ക്കളെ പിടിച്ചു കൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും.
പകർച്ചവ്യാധിയുള്ള നായ്ക്കൾ ആണെങ്കിൽ ചികിത്സ നടത്തി മാത്രമേ തുറന്നുവിടുകയുള്ളൂ. പേ വിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകുന്നുണ്ട്.
പ്രതിമാസം 200 നായ്ക്കളെയെങ്കിലും പിടികൂടി വന്ധ്യംകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവയെ പിടികൂടി കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണ നടപടി പുരോഗമിക്കുന്നുണ്ടെന്നും എ.ബി.സി. കേന്ദ്രം നിർവഹണ ചുമതലയുള്ള മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് ബാബു മാധ്യമത്തോട് പറഞ്ഞു. പടിയൂരിൽനിന്ന് വന്ധ്യംകരിക്കുന്ന നായ്ക്കളെ തിരിച്ചറിയാനായി ചെവിയിൽ അടയാളം പതിപ്പിച്ചാണ് ഇപ്പോൾ തുറന്നുവിടുന്നത്.
നേരത്തേ പാപ്പിനിശ്ശേരി വെറ്ററിനറി ആശുപത്രിയോട് ചേർന്നുള്ള എ.ബി.സി കേന്ദ്രത്തിൽ നിന്നായിരുന്നു വന്ധ്യംകരണം നടത്തിയിരുന്നത്. ഇവിടെനിന്ന് 2021 ആഗസ്റ്റ് മുതൽ 2022 ഫെബ്രുവരിവരെ ജില്ലയിൽ 1,073 നായ്ക്കളെയാണ് പിടികൂടി വന്ധ്യംകരിച്ചിരുന്നത്. ഇത് അടച്ചുപൂട്ടുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് നായ്ക്കളെ പിടികൂടുന്നത്. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലെയും തെരുവുനായ്ക്കളെ പടിയൂരിലെ കേന്ദ്രത്തിലെത്തിച്ചാണ് വന്ധ്യംകരണം നടത്തേണ്ടത്. തിങ്കളാഴ്ച തലശ്ശേരിയിൽ നിന്ന് പിടികൂടിയ 15 നായ്ക്കളെയാണ് ഇവിടെയെത്തിച്ചിട്ടുള്ളത്. ഇവയടക്കം ചൊവ്വാഴ്ച 30 നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കും.
പടിയൂരിലെ കേന്ദ്രത്തിൽ നടപടികൾ വേഗത്തിലാക്കിയതിനുശേഷം എല്ലായിടത്തും തെരുവുനായ് ആക്രമണത്തിന് ചെറിയ തോതിലെങ്കിലും കുറവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.