പഴയങ്ങാടി: റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ് ഫോമിനു നിർമിക്കുന്ന സുരക്ഷ ഭിത്തിയുടെ ജോലികൾ ഏതാണ്ട് പൂർത്തിയായി. അവസാന മിനുക്ക് ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഒന്നാം പ്ലാറ്റ് ഫോമിന്റെ സുരക്ഷ ഭിത്തി പൂർത്തീകരിക്കുന്നതോടെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് കൂടുതൽ സംരക്ഷണം ലഭ്യമാവും. യാത്രക്കാരുടെ സുരക്ഷക്കായി ഇവിടെ സംരക്ഷണ ഭിത്തി സ്ഥാപിക്കണമെന്നത് ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
പ്ലാറ്റ്ഫോമിന് സംരക്ഷണ ഭിത്തിയില്ലാത്തതാണ് സാമൂഹിക ദ്രോഹികളുടെ ശല്യം രൂക്ഷമാകുന്നതിന് കാരണമായിരുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് നിരോധിത ഉൽപന്നങ്ങളുമായി വണ്ടികയറുന്നതിനും വണ്ടിയിറങ്ങുന്നതിനും സംരക്ഷണ ഭിത്തിയില്ലാത്തതു കാരണം മയക്കുമരുന്ന് -ലഹരി മാഫിയകൾക്ക് എളുപ്പമായിരുന്നു.
റോഡിൽ നിന്ന് നേരെ സാധനങ്ങൾ ഒന്നാം പ്ലാറ്റ്ഫോമിലേക്കും തിരിച്ചും എത്തിക്കുന്നത് പതിവായിരുന്നു. നിയമപാലകരുടെ കണ്ണിൽ പെട്ടാൽ പ്ലാറ്റ്ഫോമിൽ നിന്ന് റോഡിലേക്ക് ഓടി രക്ഷപ്പെടുന്നതാണ് ഇവിടത്തെ പതിവ് രീതി.
അനധികൃത യാത്രക്കാർ സ്റ്റേഷൻ അധികൃതരുടെ കണ്ണ് വെട്ടിച്ച് വണ്ടി കയറുന്നതും വണ്ടിയിറങ്ങുന്നതും റോഡിൽ നിന്നു പ്ലാറ്റ് ഫോമിലേക്ക് ഭിത്തിയില്ലാത്ത വഴികളിലൂടെ കയറിയും ഇറങ്ങിയുമായിരുന്നു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും സുരക്ഷ ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് റെയിൽവെ ഒടുവിൽ ഒന്നാം പ്ലാറ്റ് ഫോമിന് സുരക്ഷ ഭിത്തി നിർമിച്ചത്. കോൺക്രീറ്റ് തൂണുകൾ കൊണ്ടുള്ള നാമമാത്രമായ രണ്ടാം പാറ്റ് ഫോമിന്റെ സംരക്ഷണ ഭിത്തിയും നവീകരിച്ച് പുനർ നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.