കണ്ണൂർ: വിഭാഗീയ പ്രവർത്തനങ്ങൾക്കും തെറ്റായ സാമ്പത്തിക ഇടപാടുകൾക്കും പെരുമാറ്റ ദൂഷ്യത്തിനും തുടങ്ങി ഒട്ടേറെ കാരണങ്ങളിൽ സി.പി.എമ്മിൽ അച്ചടക്ക നടപടി നേരിട്ടവർ അനേകം. എന്നാൽ, അടിതെറ്റിയ വാക്കുകൊണ്ട് അച്ചടക്കനടപടിയുണ്ടായവർ അപൂർവം.
ആ അത്യപൂർവ പട്ടികയിലാണ് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ സ്ഥാനം. കൈവിട്ട വാക്കിൽ ജില്ല ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ രണ്ടാമന്റെ ജീവിതം ഇല്ലാതായതിനൊപ്പം ദിവ്യയുടെ രാഷ്ട്രീയ ജീവിതത്തിന് ഇനി പരീക്ഷണ കാലം കൂടിയാണ്. സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് ഇരിണാവ് സി.ആര്.സി ബ്രാഞ്ചിലെ സാധാരണ പ്രവർത്തകയായി ദിവ്യ മാറി. ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തിളങ്ങിയ പൊതുപ്രവർത്തനത്തിൽനിന്നാണ് പടിയിറക്കം.
എ.ഡി.എം നവീൻബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പ്രസംഗമാണ് ദിവ്യയുടെ ഈ അവസ്ഥക്ക് കാരണമായത്. റവന്യൂ വകുപ്പിലെ ജീവനക്കാർ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ ഒരുനിലക്കും പങ്കെടുക്കേണ്ടയാൾ ആയിരുന്നില്ല ദിവ്യ. കലക്ടറേറ്റിലെ ഇതര വിഭാഗങ്ങളിലെ വകുപ്പ് മേധാവികളെ പോലും ക്ഷണിക്കാത്ത തീർത്തും സ്വകാര്യമായ ചടങ്ങിലേക്കാണ് ദിവ്യ കയറിവന്നത്. തികച്ചും ആസൂത്രിതമാണ് ആ വരവെന്നാണ് പൊലീസ് റിപ്പോർട്ട്.
കലക്ടർ ക്ഷണിച്ചിട്ട് പോയെന്നും സദുദ്ദേശ്യത്തോടെ അഴിമതിക്കെതിരെ പറയുകയാണ് ഉണ്ടായതെന്നുമാണ് നവീൻ ബാബുവിന്റെ മരണം നടന്നയുടൻ ദിവ്യ പാർട്ടി ജില്ല നേതൃത്വത്തെ അറിയിച്ചത്. ഇതോടെ, പാർട്ടിയും ഇവർക്കൊപ്പം നിന്നു. എന്നാൽ, കാര്യങ്ങൾ കൈവിട്ടുവെന്ന് പാർട്ടി തിരിച്ചറിഞ്ഞതോടെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒടുവിൽ പാർട്ടിയുടെ എല്ലാ പദവികളിൽനിന്നും തരംതാഴ്ത്തി.
2011ൽ ജില്ല സെക്രട്ടറിയായിരുന്ന പി. ശശിയെ പെരുമാറ്റ ദൂഷ്യത്തിന് പാർട്ടി നടപടിയെടുത്തു. ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ശേഷം പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി.
മുതിർന്ന നേതാവും എം.എൽ.എയുമായിരുന്ന സി.കെ.പി. പത്മനാഭൻ, ടി.ഐ. മധുസൂദനൻ എം.എൽ.എ, വി. കുഞ്ഞികൃഷ്ണൻ തുടങ്ങി ഒട്ടേറെ പേരെ അച്ചടക്ക നടപടിയെടുത്തെങ്കിലും അടുത്തിടെ നടന്ന ഏറ്റവും വലിയ നടപടി ദിവ്യയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.