കണ്ണൂർ: ഉദയഗിരി പഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്കരിക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാൻ കലക്ടര്‍ അരുൺ കെ. വിജയന് ഉത്തരവിട്ടു. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കലക്ടര്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു.
പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡപ്രകാരം സംസ്കരിച്ച് ജില്ല മൃഗ സംരക്ഷണ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഉദയഗിരി പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍നിന്ന് മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ചു അടിയന്തിര റിപ്പോര്‍ട്ട് ജില്ല മൃഗ സംരക്ഷണ ഓഫിസര്‍ സമര്‍പ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പൊലീസുമായും ആർ.ടി.ഒയുമായും ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തും. രോഗവിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കും. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികാരികള്‍, വില്ലേജ് ഓഫിസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വെറ്ററിനറി ഓഫിസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫിസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർ നടപടികള്‍ സ്വീകരിക്കണം. അഗ്നിരക്ഷസേനയുടെ നേതൃത്വത്തില്‍ ഫാമുകൾ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.