കണ്ണൂർ: റെക്കോഡുകളിലേക്ക് നടന്നുകയറുന്ന മുഹമ്മദ് അഫ്ഷാെൻറ സ്വന്തം വീടെന്ന സ്വപ്നത്തിന് സാഫല്യം. ചാല തന്നടയിൽ നിർമാണം പൂർത്തിയായ, മലയാള അക്ഷരം 'ഝ' എന്ന് നാമകരണം ചെയ്ത വീട് മന്ത്രി ജെ. ചിഞ്ചുറാണി മുഹമ്മദ് അഫ്ഷാന് കൈമാറി. മറ്റുപലരും വീടുകൾ നിർമിച്ചുനൽകുന്നുണ്ടെങ്കിലും അക്ഷരവീട് അതിൽനിെന്നല്ലാം വ്യത്യസ്തമാണെന്ന് മന്ത്രി പറഞ്ഞു.
മലയാളത്തിലെ 51 അക്ഷരങ്ങളുടെ പേരിൽ കലാസാംസ്കാരിക രംഗത്ത് തിളങ്ങിനിൽക്കുന്നവർക്ക് 51 വീട് നൽകുന്നതിലൂടെ നമ്മുടെ ഭാഷയും ആദരിക്കപ്പെടുകയാണ്. പഠനകാലത്ത് അത്ലറ്റിക്സിൽ മത്സരിച്ചിട്ടുള്ളയാളെന്ന നിലക്ക് അത്ലറ്റായ അഫ്ഷാെൻറ വീട് സമർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിൽ വ്യക്തിപരമായ സന്തോഷമുണ്ടെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഒരു കൂട്ടായ്മ ഉണ്ടായിക്കഴിഞ്ഞാൽ ഏതു പദ്ധതിയും നമുക്ക് വിജയിപ്പിക്കാൻ കഴിയുമെന്നതിെൻറ അനുഭവസാക്ഷ്യമാണ് കോവിഡ് കാലത്ത് പൂർത്തിയാക്കിയ അക്ഷരവീടെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു. വേദനിക്കുന്നവരെ സഹായിക്കുന്നതിലൂടെ മനുഷ്യമൂല്യങ്ങളുടെ ഉന്നതവും ഉദാത്തവുമായ ധാരയാണ് ഈ പദ്ധതിയിൽ കാണുന്നത്. നാടിന് പ്രതീക്ഷ നൽകുന്ന ഒന്നാണിതെന്നും എം.എൽ.എ തുടർന്നു. അക്ഷരവീട് സമർപ്പണ ചടങ്ങിൽ നിൽക്കുേമ്പാൾ 'അമ്മ'യുടെ പ്രതിനിധിയെന്ന നിലയിൽ ഏറെ അഭിമാനിക്കുന്നുവെന്ന് സിനിമതാരം അഞ്ജു അരവിന്ദ് പറഞ്ഞു. അഫ്ഷാൻ വാരിക്കൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻ മനോഹരമായ വീട് യാഥാർഥ്യമായിരിക്കുന്നു. കായികരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ അഫ്ഷാന് അക്ഷരവീടിെൻറ തണൽ കരുത്താകട്ടെയെന്നും അവർ തുടർന്നു.
ചടങ്ങിൽ മാധ്യമം സി.ഇ.ഒ മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇ.കെ. സുരേശൻ, ഗ്രാമപഞ്ചായത്തംഗം ഫാത്തിമ ഫാറൂഖ്, മാധ്യമം ജില്ല രക്ഷാധികാരി സാജിദ് നദ്വി, സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി. സുഹൈൽ, പി.ടി.എ പ്രസിഡൻറ് രാജേന്ദ്രൻ, യൂസുഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അഫ്ഷാൻ മറുപടി പ്രസംഗം നടത്തി. മാധ്യമം റീജനൽ മാനേജർ ഇമ്രാൻ ഹുസൈൻ സ്വാഗതവും ബ്യൂറോ ചീഫ് എ.കെ. ഹാരിസ് നന്ദിയും പറഞ്ഞു.
മുഹമ്മദ് അഫ്ഷാനുള്ള നിക്ഷാൻ ഇലക്ട്രോണിക്സിെൻറ പ്രത്യേക ഉപഹാരം അഞ്ജു അരവിന്ദ് ൈകമാറി. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും കുടുംബാംഗങ്ങളും ഉൾപ്പെട്ട പ്രൗഢ സദസ്സ് സാക്ഷിയായി. മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യ രംഗത്തെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീടൊരുക്കിയത്.
പ്രശംസനീയം -മുഖ്യമന്ത്രി
കണ്ണൂർ: മലയാളത്തിെൻറ പേരും പെരുമയും ഉയർത്തിയവർക്ക് ആദരമായി സമർപ്പിക്കുന്ന അക്ഷരവീട് പദ്ധതി പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമം ദിനപത്രം, അഭിനേതാക്കളുടെ സംഘടന 'അമ്മ', യൂനിമണി, എൻ.എം.സി ഗ്രൂപ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പദ്ധതിയിലെ 31ാമത്തെ വീട് ധർമടം മണ്ഡലത്തിലെ തന്നടയിൽ കായികതാരം മുഹമ്മദ് അഫ്ഷാന് സമ്മാനിക്കുന്നതിൽ സന്തോഷിക്കുന്നു. അക്ഷരവീടിെൻറ സംഘാടകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.