തലശ്ശേരി: ജനറൽ ആശുപത്രിയിൽ കൈക്കൂലി ആരോപണം. പ്രസവ ചികിത്സക്കെത്തുന്നവരിൽനിന്ന് ഡോക്ടർമാർ കൈക്കൂലി ഈടാക്കുന്നതായാണ് പരാതി. ഭാര്യയുടെ പ്രസവത്തിനായി സ്ത്രീരോഗ വിദഗ്ധന് 2000 രൂപയും അനസ്തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടിവന്നുവെന്ന് തലശ്ശേരി സ്വദേശിയായ പ്രശാന്ത് വെളിപ്പെടുത്തി.
ഇതുസംബന്ധിച്ച് ആശുപത്രിയിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു. ചികിത്സക്ക് എത്തുന്ന എല്ലാവരിൽനിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും രോഗികളുടെ ജീവനെക്കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും യുവാവ് പറഞ്ഞു.
എന്നാൽ, ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽനിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. ആശുപത്രിയിൽനിന്ന് ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്ടിസ് ഉള്ളതുകൊണ്ട് വീട്ടിൽനിന്ന് വാങ്ങുന്നുണ്ടോ എന്ന് അറിയാനാവില്ലെന്നുമാണ് സൂപ്രണ്ട് പറയുന്നത്. രോഗിയുടെ കൂട്ടിരിപ്പുകാർ വന്നുകണ്ട് പരാതി പറഞ്ഞിരുന്നു.
എന്നാൽ, എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും തന്നില്ല. അനസ്തേഷ്യ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. സ്ഥിരമായി ജോലി ചെയ്യേണ്ടിവരുമ്പോൾ പുറത്തുനിന്ന് ഒരു പാനലുണ്ടാക്കി അവരെ വിളിക്കുകയാണ് പതിവ്.
അവർക്ക് കൊടുക്കുന്ന 2000 രൂപ മതിയാകാതെ വരുമ്പോൾ കൂടുതൽ കൊടുക്കാൻ ഗൈനക്കോളജിസ്റ്റ് പറയുന്നുണ്ടാവാമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന ആരോപണം പുറത്തുവന്നതോടെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
തലശ്ശേരി: ഡോക്ടർമാർ കൈക്കൂലി വാങ്ങിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്സല്‍ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഫാസില്‍, പി. സനീഷ്, എ.കെ. രമ്യ എന്നിവര്‍ സംസാരിച്ചു. നടപടി സ്വീകരിക്കാത്തപക്ഷം ഡോക്ടർമാരുടെ വീടുകളിലേക്ക് മാർച്ച് നടത്തണമെന്നും ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
തിരുവനന്തപുരം: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.