അഞ്ചരക്കണ്ടി: അധികൃതർ അറിയണം കാടുമൂടിയ വിമാനത്താവള റോഡിനെ കുറിച്ച്. അഞ്ചരക്കണ്ടി-മട്ടന്നൂർ-കണ്ണൂർ വിമാനത്താവള റോഡിലാണ് ഇരുവശങ്ങളിലും കാടൂമൂടിയത്. വീതി കുറഞ്ഞ റോഡിന്റെ രണ്ട് വശങ്ങളിലും കാട് കൈയേറിയതോടെ യാത്ര കൂടുതൽ ദുഷ്കരമാവുകയാണ്.മൈലാടി, വെൺമണൽ, ചെറിയവളപ്പ്, കീഴല്ലൂർ, കാര തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ രീതിയിൽ റോഡിന്റെ വശങ്ങൾ കാടുപിടിച്ചിരിക്കുന്നത്. ഒരേസമയം രണ്ടു വാഹനങ്ങൾ കടന്നുപോവുമ്പോൾ യാത്രക്കാർക്ക് കൂടുതൽ പ്രയാസം ഉണ്ടാക്കുന്നു. കാൽനടക്കാർക്കും കാടുപിടിച്ച റോഡിന്റെ അരിക് ചേർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
റോഡരികിൽ കാട് മൂടിയതിനാൽ രാത്രിസമയങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതോടെ നായ്ക്കൾ കൂട്ടത്തോടെ എത്തുന്നത് രാവിലെയുള്ള യാത്രക്കാർക്കും ഏറെ അപകടമാവുന്നു. സിഗ്നൽ ബോർഡുകൾ പോലും കാടുമൂടിയ നിലയിലാണ് മിക്കയിടങ്ങളിലും ഉള്ളത്. മൈലാടി വാട്ടർ അതോറിറ്റി അധീനതയിലുള്ള സ്ഥലത്തെ മുള്ളുചെടികൾ റോഡിലേക്ക് തള്ളിയ നിലയിലാണുള്ളത്. ഇതേത്തുടർന്ന് വാഹനങ്ങൾ വലതുഭാഗം ചേർന്നാണ് പോകുന്നത്. ഇങ്ങനെ യാത്ര നടത്തുമ്പോൾ എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയും കൂടുതലാണ്.
പ്രധാന റോഡിന്റെ വശങ്ങൾ കാടുമൂടിക്കിടന്നിട്ടും അധികൃതർക്ക് അനക്കമില്ലെന്ന് പരിസരവാസികൾ പറയുന്നു. റോഡിന്റെ വശങ്ങളിലുള്ള കാടുകൾ പൂർണമായും വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.