കണ്ണൂർ: ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചു. ഹയർ സെക്കൻഡറി വിഭാഗം (കോഴിക്കോട്) റീജനൽ ഡെപ്യൂട്ടി ഡയറക്ടർ രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ജൂലൈ 21ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. 'മാധ്യമം' പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സ്കൂളിലും താൽക്കാലിക അടിസ്ഥാനത്തിലും അധ്യാപകരില്ല. പ്രിൻസിപ്പൽ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. 10 സ്ഥിരം അധ്യാപകരുടെ തസ്തികയുണ്ടെങ്കിലും ഒരാളെപ്പോലും നിയമിച്ചിട്ടില്ല. അധ്യാപകരില്ലാത്തതിനാൽ സേ പരീക്ഷക്ക് ഫീസ് അടക്കാൻപോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് വിദ്യാർഥികൾ. ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ സ്കൂളിൽ കൃത്യമായ അധ്യയനം നടക്കാത്ത സ്ഥിതിയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു ഫലങ്ങളിൽ കുറഞ്ഞ വിജയശതമാനമാണ് ആദിവാസി പുനരധിവാസ മേഖലയിലെ ഈ സ്കൂളിൽ. ഇതേതുർന്നാണ് മനുഷ്യാവകാശ കമീഷന്റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.