ഇനി എല്ലാം സ്മാർട്ട് ഐ കാണും

കണ്ണൂർ: കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കാനുമായി ജില്ലയിലുടനീളം നിരീക്ഷണ കാമറകൾ ഒരുങ്ങുന്നു. ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് 'സ്മാർട്ട് ഐ' പദ്ധതി നടപ്പാക്കുന്നത്. മാലിന്യം തള്ളൽ, അനധികൃത മണൽക്കടത്ത് എന്നിവ പിടികൂടാനും കുറ്റകൃത്യങ്ങൾ തടയാനുമാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ 1,500ഓളം കാമറകൾ ഇത്തരത്തിൽ ഒരുക്കാനാവും. ജില്ല ആസ്ഥാനവുമായി കേബിൾ വഴി കാമറകൾ ബന്ധിപ്പിക്കും. സർവറും മറ്റ് കാര്യങ്ങളും ജില്ല പഞ്ചായത്താണ് ഒരുക്കുക.

ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സാങ്കേതിക സമിതി രൂപവത്കരിക്കാൻ തീരുമാനമായി. കാമറകളുടെ സ്‍പെസിഫിക്കേഷൻ സമിതി തീരുമാനിക്കും. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിന്റെ സാങ്കേതിക സഹായവും ലഭിക്കും. ഒക്ടോബറോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. കേബിൾ വഴി കാമറകൾ ബന്ധിപ്പിച്ചതിനാൽ തകരാറ് സംഭവിച്ചാലും ബന്ധം വിച്ഛേദിക്കപ്പെട്ടാലും വിവരം ലഭിക്കും. ഏതൊക്കെ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കണമെന്ന കാര്യം തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. മണൽക്കടത്തും മാലിന്യം തള്ളലും അടക്കമുള്ള പ്രശ്നങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമാണ്. പാപ്പിനിശ്ശേരി, വളപട്ടണം ഭാഗങ്ങളിൽ മണലൂറ്റും കടത്തും നിത്യസംഭവമാണ്.

ജലസ്രോതസ്സുകളിൽ അടക്കം മാലിന്യം തള്ളി കടന്നുകളയുന്ന സ്ഥിരം സംഘങ്ങൾ ജില്ലയിലുണ്ട്. 1,500ഓളം കാമറകൾ ജില്ലയുടെ വിവധ ഭാഗങ്ങളിൽ കൺതുറക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്താനും നടപടിയെടുക്കാനുമാവും. സ്ഥിരം കുറ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരീക്ഷണം ഏർപ്പെടുത്താനാവും. നിലവിൽ കണ്ണൂർ കോർപറേഷന് 150 കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. നിലവിൽ പൊലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെ ജില്ലയുടെ ചില ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്രക്ക് കാര്യക്ഷമമല്ല. കൂടുതൽ മേഖലകളിൽ കാമറകൾ വരുന്നതോടെ കുറ്റകൃത്യങ്ങൾ തെളിയിക്കാനും തെളിവുകൾ ശേഖരിക്കാനും പൊലീസിനും സഹായകമാകും. ഇ-ടെൻഡർ നടപടികൾ പൂർത്തിയാക്കി സ്മാർട്ട് ഐ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. 

Tags:    
News Summary - Around 1,500 cameras are being installed in the district to prevent law violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.