representational image

കലോത്സവം; കണ്ണെഴുതി കണ്ണൂർ

കണ്ണൂർ: രണ്ടുവർഷം വൈകിയതിന്റെ പിണക്കമൊന്നും കൗമാരപ്രതിഭകൾക്കുണ്ടായില്ല. ആടിയും പാടിയും വരകളാലും വർണങ്ങളാലും സർഗാത്മകത തീർത്ത് ഹർഷാരവത്തോടെ അവർ കലോത്സവത്തെ വരവേറ്റു. കോവിഡ് കവർന്ന നാളുകൾക്ക് വിടയേകിയെത്തിയ കൗമാര കലോത്സവത്തിന് സർവ സന്നാഹവുമൊരുക്കിയാണ് കണ്ണൂർ കാത്തിരുന്നത്. ബാൻഡ്മേളത്തിന്റെ മുഴക്കവും കേരളനടനത്തിന്റെ മനോഹാരിതയും പൂരക്കളിയുടെ ചുവടനക്കവും വേദികളെ ത്രസിപ്പിച്ചു.

ചൊവ്വാഴ്ച കൂടുതൽ വേദികളിലും രചന മത്സരങ്ങളായിരുന്നു. മുനിസിപ്പൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പാലപ്പൂമണമൊഴുകുന്ന മുറ്റത്തെ പ്രധാന വേദിയിൽ രാവിലെ ഭരതനാട്യം അരങ്ങേറി. പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യദിനം തന്നെ നടനകലകൾ അരങ്ങേറിയപ്പോൾ നൃത്തസ്നേഹികൾ ഒഴുകിയെത്തിയിരുന്നു.

കാൽപന്തിന്റെ വിശ്വമഹോത്സവത്തിനൊപ്പം കലകളുടെ ഉത്സവംകൂടിയെത്തിയപ്പോൾ പന്തുസ്നേഹികളൊന്നും വേദികളെ തേടിയെത്തിയില്ല. അർജന്റീനയും സൗദി അറേബ്യയും തമ്മിൽ ഖത്തറിന്റെ മണ്ണിൽ ഏറ്റുമുട്ടുന്ന സമയമായതിനാൽ തന്റെ വാക്കുകൾ അധികമൊന്നും നീട്ടുന്നില്ലെന്നുപറഞ്ഞ് ഉദ്ഘാടകനായ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ സംസാരിച്ചുതുടങ്ങിയപ്പോൾ ലഭിച്ച കൈയടി ഇതിന് നേർസാക്ഷ്യമായി. ലോകകപ്പ് ഫുട്ബാൾ നടക്കുന്നതിനാൽ, സാധാരണയായി ജില്ല കലോത്സവ ഉദ്ഘാടന വേദിയിൽ തിങ്ങിനിറയുന്ന ജനങ്ങളെ ഇത്തവണ കാണാനായില്ല. സമയക്രമത്തിലുണ്ടായ താളപ്പിഴകൾ മത്സരാർഥികളെയും കാണികളെയും ചെറുതായി വലച്ചു.

ജില്ലയിലെ 20ഓളം സംഗീതാധ്യാപകർ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.വി. സുമേഷ്, കെ.പി. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, സുരേഷ്ബാബു എളയാവൂർ, എം.പി. രാജേഷ്, വി.എ. ശശീന്ദ്രവ്യാസ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Arts Festival in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.