കണ്ണൂർ: കെ.എം. ഷാജിയുടെ മൂന്നാമങ്കം. അതാണ് അഴീക്കോടിെൻറ ഹൈലൈറ്റ്. ഷാജി ഹാട്രിക് തികക്കുമോയെന്ന ചോദ്യമാണ് തുറമുഖ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സി.പി.എം ആധിപത്യത്തിെൻറ ചരിത്രമുള്ള മണ്ഡലത്തിൽ മുസ്ലിം ലീഗുകാരൻ മൂന്നാമതും തുടർച്ചയായി ജയിക്കുകയാണെങ്കിൽ അത് കണ്ണൂരിെൻറ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവതയാണ്.
യുവനേതാവ് കെ.വി. സുമേഷിനെയാണ് സി.പി.എം ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ മികച്ച പ്രവർത്തനവും ജനകീയതയുമാണ് സുമേഷിെൻറ കരുത്ത്. പതിവുപോലെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം നേരത്തേ നടത്തി. സുമേഷ് ഒരു റൗണ്ട് പര്യടനം പൂർത്തിയാക്കിയപ്പോഴാണ് ഷാജി മൂന്നാമങ്കം പ്രഖ്യാപിച്ചത്.
ഷാജി വീണ്ടും വരുമോ ഇല്ലേയാ എന്ന ചർച്ച നേരത്തേതന്നെ മണ്ഡലത്തിൽ സജീവമായിരുന്നു. ഗോദയിലിറങ്ങാൻ അറച്ചുനിന്ന ഷാജിയുടെ സമീപനം തന്നെയാണ് അങ്ങനെയൊരു ചർച്ചക്ക് വഴിമരുന്നിട്ടത്. സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ എം. പ്രകാശൻ മാസ്റ്ററെ അട്ടിമറിച്ചാണ് 2011ൽ കന്നിയങ്കത്തിൽ ഷാജി അഴീക്കോട് പിടിച്ചെടുത്തത്. ആദ്യത്തെ അഞ്ചുവർഷം എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ ഷാജി നിറഞ്ഞുനിന്നു. അതിെൻറ പ്രതിഫലമായിരുന്നു 2016ലെ വിജയം. എം.വി രാഘവെൻറ മകൻ എം.വി. നികേഷ്കുമാറായിരുന്നു എതിരാളി. നികേഷ്കുമാർ മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും ഷാജിയെ മുട്ടുകുത്തിക്കാനായില്ല. ഇക്കുറി സുമേഷിന് അതുസാധിക്കുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. അതിനുള്ള കാരണങ്ങൾ പ്രധാനമായും രണ്ടാണ്.
അഴീക്കോട് സ്കൂളിന് പ്ലസ് ടു കിട്ടാൻ എം.എൽ.എ 25 ലക്ഷം കോഴ വാങ്ങിയെന്ന ആക്ഷേപം മുസ്ലിംലീഗിൽ നിന്നു തന്നെയാണ് പുറത്തുവന്നത്. അത് സി.പി.എം ആയുധമാക്കിയപ്പോൾ ഷാജി ഇ.ഡി അന്വേഷണത്തിെൻറ കുരുക്കിലാണ്. വരവിൽ കവിഞ്ഞ സ്വത്തിനെക്കുറിച്ച ചോദ്യങ്ങളും ഇ.ഡി, ഷാജിക്കു നേരെ ഉന്നയിക്കുന്നുണ്ട്. ഗോദയിലിറങ്ങാൻ അറച്ചുനിന്നതും പ്രതിച്ഛായാ നഷ്ടവുമൊക്കെ പ്രതികൂല ഘടകങ്ങളാണെങ്കിൽപോലും അഴീക്കോട്ട് യു.ഡി.എഫിനും മുസ്ലിം ലീഗിനും ഷാജിയേക്കാൾ മികച്ചൊരു സ്ഥാനാർഥിയെ മുന്നോട്ടുവെക്കാനില്ല എന്നതും വസ്തുതയാണ്.
മുസ്ലിം സാമുദായിക രാഷ്ട്രീയത്തിൽ വേറിട്ട നിലപാട് സ്വീകരിക്കാറുള്ള ഷാജിക്ക് മുന്നണിക്ക് പുറത്തുള്ള വോട്ടുകൾ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ബി.ജെ.പി സംസ്ഥാന െസക്രട്ടറിയും കണ്ണൂർ ബി.ജെ.പിയിലെ പ്രമുഖനുമായ കെ. രഞ്ജിത്താണ് എൻ.ഡി.എ സ്ഥാനാർഥി. അതിനാൽ, ഇക്കുറി വോട്ട് ചോർച്ചക്ക് സാധ്യത കുറയുന്നുണ്ട്. അതേസമയം, കഴിഞ്ഞ തവണ കോൺഗ്രസ് വിമതനായി മത്സരിച്ച് 1518 വോട്ട് നേടിയ പി.കെ. രാഗേഷ് കോൺഗ്രസിൽ തിരിച്ചെത്തിയത് ഷാജിക്ക് ആശ്വാസം നൽകുന്നു. ഇതൊക്കെയാണെങ്കിലും പിണറായി സർക്കാറിെൻറ തുടർഭരണ സാധ്യതയും െക.വി. സുമേഷിെൻറ ജനകീയതയും ചേരുേമ്പാൾ അഴീക്കോട് അതിെൻറ ചരിത്രത്തിലേക്ക് തിരിഞ്ഞുനടന്ന് ഇടതുപക്ഷം ചേരുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
എസ്.ഡി.പി.ഐ സ്ഥാനാർഥിയായി കെ.കെ അബ്ദുൽ ജബ്ബാർ ഇക്കുറിയും മൽസരരംഗത്തുണ്ട്. 2016ൽ 1705 വോട്ടുകളാണ് ഇദ്ദേഹം നേടിയത്.
2016 നിയമസഭ
കെ.എം. ഷാജി (യു.ഡി.എഫ്) -63,082
എം.വി. നികേഷ്കുമാർ (എൽ.ഡി.എഫ്) -60,795, എ.വി. കേശവൻ (ബി.ജെ.പി) -12,580
2019 ലോക്സഭ
യു.ഡി.എഫ് 73075
എൽ.ഡി.എഫ്. 51218
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.