കണ്ണൂർ: കണ്ണീരൊട്ടിയ കണ്ണുകളും പൊടിപാറിയ മുടിയിഴകളുമായിരുന്നു അവന്. ബൂട്ടിട്ട കാലിന്റെ ചവിട്ട് അടിവയറ്റിലേൽക്കുമ്പോൾ കുഞ്ഞുവയറിൽ വിശപ്പടങ്ങിയിരുന്നോ? സാധ്യതയില്ല.
തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് യുവാവിന്റെ ചവിട്ടേറ്റു തെറിച്ചുവീണ ആറുവയസ്സുകാരൻ നാടോടി ബാലന്റെ നോവുലക്കുന്ന നോട്ടം ആരുടെയും മനസ്സിൽനിന്ന് അടുത്തൊന്നും മായില്ലെന്നുറപ്പാണ്. കുഞ്ഞിളം ചിരികൾ മായ്ക്കുന്ന ചെയ്തികളുടെ വാർത്തകൾ വർധിക്കുകയാണ്.
കൂത്തുപറമ്പിൽ പത്താംക്ലാസുകാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതും കണ്ണൂരിൽ വയറുവേദനക്ക് ചികിത്സ തേടിയെത്തിയ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചതും ഞെട്ടലോടെയാണ് നാട് കേട്ടത്. സുരക്ഷിതത്വത്തിന്റെ വിളനിലമാവേണ്ട വീടകങ്ങളിൽ അരക്ഷിതാവസ്ഥയുടെ കാറ്റുവീശുകയാണ്.
പാനൂർ പാത്തിപ്പാലത്ത് ഒന്നരവയസ്സുകാരി അന്‍വിതയെ പിതാവ് പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഒരുവർഷം പൂർത്തിയായതേയുള്ളൂ. അന്‍വിതയെയും ഭാര്യയെയും പുഴയിൽ തള്ളിയിട്ട പ്രതി ഷിജു ഇവർ രക്ഷപ്പെടുന്നതും തടഞ്ഞിരുന്നു.
കുഞ്ഞ് ഒഴുക്കിൽപെട്ടെങ്കിലും മരത്തിൽ പിടിച്ചുനിന്ന സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഷിജു മട്ടന്നൂരിലെ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇതേവർഷം ജൂലൈയിൽ താളിക്കാവ് കുഴിക്കുന്നിൽ ഒമ്പതുകാരി മാതാവിന്റെ കൈകളാൽ കൊലചെയ്യപ്പെട്ടു.
കുഴിക്കുന്ന് റോഡിലെ രാജേഷിന്റെ മകൾ അവന്തികയെയാണ് മാതാവ് വാഹിദ കഴുത്തുഞെരിച്ചുകൊന്നത്. ഇവർ കാലങ്ങളായി മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് മരുന്നുകഴിച്ചുവരുകയായിരുന്നു. 2020 ഫെബ്രുവരിയിൽ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മാതാവ് കടലിലെറിഞ്ഞ് കൊന്ന സംഭവം സമാനമാണ്.
പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കണ്ടെത്തിയത്. ദുരൂഹതയുള്ള സംഭവത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനക്കുമൊടുവിലാണ് മാതാവ് ശരണ്യയാണ് കൊലക്കുപിന്നിലെന്ന് മനസ്സിലായത്. കാമുകനൊപ്പം ജീവിക്കാനായിരുന്നു പിഞ്ചോമനയെ ഇല്ലാതാക്കിയത്.
പന്ത്രണ്ടും എട്ടും വയസ്സായ കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അഴീക്കോടിനടുത്ത 41കാരനായ നീര്‍ക്കടവ് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് രണ്ടുവർഷം മുമ്പാണ്.
ലഹരിമരുന്നിന് അടിമയാക്കി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളും ജില്ലയിൽ വർധിച്ചുവരുകയാണ്. അതിമാരക രാസലഹരി സംഘങ്ങൾ പിടിയിലാകുമ്പോൾ അവരുടെ ഇരകളിൽ ഏറെയും വിദ്യാർഥികളാണെന്ന വിവരം ഞെട്ടിക്കുന്നതാണ്.
മദ്യവും മയക്കുമരുന്നും സംശയരോഗവും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാമാണ് കുട്ടികളുടെ കൊലയിലേക്കും അക്രമങ്ങളിലേക്കും നയിക്കുന്നത്. പ്രാണനായി കാണേണ്ട മക്കളുടെ ജീവിതം ഒരുനിമിഷത്തെ കൈപ്പിഴയിൽ ചവിട്ടിമെതിക്കപ്പെടുകയാണ്.
കൊലപാതകങ്ങളിലേക്കും അക്രമങ്ങളിലേക്കും നയിക്കുന്ന സംഭവങ്ങളിൽ മദ്യവും മയക്കുമരുന്നും പ്രധാന വില്ലനാണ്. തലച്ചോറിനെയും കരളിനെയും അടക്കമുള്ള പലഭാഗങ്ങളെയുമാണ് ഇവ ബാധിക്കുന്നത്. സ്ഥിരമായി അമിത അളവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ മസ്തിഷ്കം ലഹരിക്ക് അടിപ്പെടാറുണ്ട്. ഇതിന്‍റെ ഭാഗമായി സംശയരോഗം, ചിത്തഭ്രമം, വിഷാദം, ഉത്കണ്ഠ, മറവി, അക്രമ സ്വഭാവം തുടങ്ങിയവ കണ്ടുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.