കണ്ണൂർ: സർവകലാശാലകളെ സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റികളാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം കവരാനുള്ള നിയമ നിർമാണ നീക്കം ഇതിന്റെ ഭാഗമാണ്. ആറു വർഷത്തിനിടയിൽ സർവകലാശാലകളിൽ നടന്ന എല്ലാ നിയമനങ്ങളെ കുറിച്ചും ഗവർണർ അന്വേഷിച്ച് നടപടിയെടുക്കണം. കണ്ണൂർ സർവകലാശാല വി.സി ബ്രാഞ്ച് സെക്രട്ടറിയേക്കാൾ തരംതാഴ്ന്ന തരത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി. മഹിള കോൺഗ്രസ് മേഖല യോഗവും ഭാരത് ജോഡോ ശിൽപശാലയും ഡി.സി.സി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി. ഗിരിജ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. കെ.വി. ഫിലോമിന, ലിസ്സി തോമസ്, സി.കെ. കൃഷ്ണ കുമാരി, സുനിജ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം. ഉഷ സ്വാഗതവും ശ്രീജ മഠത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.