കണ്ണൂർ: ചെമ്പിലോട് പള്ളിപ്പൊയിലിലെ കെ. അവന്തികക്ക് ഇനി മരുന്ന്മുടങ്ങാതെ ലഭിക്കും. കണ്ണൂര്‍ താലൂക്കുതല അദാലത്ത് നടക്കുന്ന വേദിയില്‍ അവന്തികയും ഉണ്ടായിരുന്നു. ചക്ര കസേരയിലിരുന്ന് പുഞ്ചിരിക്കുന്ന ഈ 13കാരിയെ കണ്ടതോടെ മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി. പ്രസാദും അടുത്തെത്തി. കുശലാന്വേഷണത്തിന് ശേഷം കാര്യം തിരക്കിയപ്പോള്‍ അവന്തികയുടെ അച്ഛൻ രമേശന് കണ്ടപ്പനും അമ്മ ഇ. സജിനയും സങ്കടങ്ങളുടെ കെട്ടഴിച്ചു. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സാച്ചെലവും മരുന്ന് കാശും താങ്ങാനാവാതെ ദുരിതത്തിലായിരുന്നു ഈ കുടുംബം. മാസംതോറും 4500 രൂപയുടെ മരുന്ന് മാത്രം വേണം അവന്തികക്ക്. ഈ തുക താങ്ങാനാകുന്നില്ലെന്ന കാര്യം ഇരുവരും മന്ത്രിമാരോട് പറഞ്ഞു. ഇതോടെ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച മന്ത്രി പി. പ്രസാദ് പാലിയേറ്റീവ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി അവന്തികക്ക് മരുന്ന് മുടക്കമില്ലാതെ ലഭ്യമാക്കാന്‍ ഉത്തരവിടുകയായിരുന്നു. കൂലിപ്പണികാരനായ രമേശന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.