അഴീക്കോട്: കോടതി വിലക്ക് വിനയായതോടെ അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണൽവാരൽ നിലച്ചിട്ട് മാസം മൂന്ന് പിന്നിട്ടു. 2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരൽ നിർത്തിയത്.
കോടതി തുറമുഖ വകുപ്പിനോട് പരിസ്ഥിതി പഠന റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിശ്ചിതസമയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വകുപ്പ് റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടില്ല. തുറമുഖത്ത് സമീപ പഞ്ചായത്തിലെ ഏഴു കടവുകൾ വഴിയാണ് മണലെടുത്തിരുന്നത്. അഴീക്കോട് -രണ്ട് കടവുകൾ, വളപട്ടണം -മൂന്ന്, പാപ്പിനിശ്ശേരി -രണ്ട് എന്നിങ്ങനെയാണിത്.
അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് നടന്നിരുന്നത്. ഒടുവിൽ 2022 ഡിസംബർ 22ന് റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചു. അതിനിടെ അഴീക്കോട്ടെ രണ്ടു കടവുകൾക്ക് പരിസ്ഥിതി നിർദേശം ബാധകമായിരുന്നില്ല. അവർക്ക് നിശ്ചിത കാലയളവുണ്ടായിരുന്നു.
ആ കാലയളവ് വരെ മണലെടുത്തു. കാലയളവ് കഴിഞ്ഞ് ആ കടവുകളുടെ പ്രവർത്തനവും കുറച്ച് നാളുകളായി നിലച്ചിരിക്കുകയാണ്. മണൽ കഴുകി ജലം പുഴയിൽ വീണ്ടുമൊഴുക്കുന്നതാണ് പരിസ്ഥിതി സംഘടന ഹൈകോടതിയിൽ ചോദ്യംചെയ്തത്. കേസ് ഈ മാസം പരിഗണിക്കുമെന്നാണ് കരുതിയത്. അതിന് ശേഷമേ തുറമുഖവകുപ്പിന് ഒരു തീരുമാനത്തിലെത്താനാവൂ.
മണൽ വാരൽ നിലച്ചതോടെ ജില്ലയിലെ നിർമാണ മേഖല പ്രതിസന്ധിയിലായി. തൊഴിലാളികൾക്ക് ജോലിയില്ലാതായി. മണൽ വളപട്ടണം പുഴയിൽ നിന്ന് മുങ്ങി വഞ്ചിയിൽ വാരിശേഖരിക്കൽ, അരിച്ചെടുത്ത് കഴുകി ചളിനീക്കൽ, ലോറിയിലേക്ക് തലച്ചുമടായിനിറക്കൽ എന്നിവ അസം, ബിഹാർ, ആന്ധ്ര സംസ്ഥാനത്തെ തൊഴിലാളികളാണ് ചെയ്യുന്നത്.
ജോലി കുറഞ്ഞതോടെ അവർ മറ്റു തൊഴിൽതേടിപ്പോയി. 100 തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. പുറമെ കടത്ത് ലോറിക്കാർക്കും പണി കുറഞ്ഞു. പി സാൻഡ് (കരിങ്കൽ പൊടി) ആണ് പലരും ഇപ്പോൾ മണലിന് പകരമായി ഉപയോഗിക്കുന്നത്. കെട്ടിട നിർമാണത്തിന് മണലിന്റെയത്ര ഉറപ്പുകിട്ടില്ലെങ്കിലും മണലിനേക്കാൾ വില കുറവാണെന്നത് ലാഭമാണെന്ന് ആളുകൾ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.