കണ്ണൂർ: അഴീക്കൽ കാത്തിരുന്ന ദിവസം വന്നെത്താൻ ഇനി ഏറെയില്ല. ഒരു ചരക്കുകപ്പൽ തീരമണയുന്നതിനായുള്ള അഴീക്കൽ തുറമുഖത്തിെൻറ കാത്തിരിപ്പ് ശനിയാഴ്ച അവസാനിക്കും. കൊച്ചി തുറമുഖത്തുനിന്ന് ബേപ്പൂർ വഴി അന്നാണ് അഴീക്കൽ തുറമുഖത്ത് കണ്ടെയ്നർ ചരക്ക് കപ്പൽ എത്തുക. മുംബൈയിലെ റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനി ഫീഡർ കപ്പലായ എം.വി ഹോപ് സെവൻ അന്നേദിവസം അഴീക്കലിൽ എത്തിച്ചേരും.
കൊച്ചിയിൽ നിന്ന് ഇൗ മാസം രണ്ട് സർവിസാണ് അഴീക്കലിലേക്ക് നടത്തുന്നത്, 24നും 28നും. വ്യാഴാഴ്ച കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ചരക്കുകപ്പൽ 25ന് ബേപ്പൂരിലും 26ന് അഴീക്കലിലും എത്തും. 27ന് അഴീക്കലിൽ നിന്ന് കൊച്ചിയിലേക്ക് തിരിക്കും. കണ്ണൂരിൽ നിന്ന് കോഴിക്കോേട്ടക്ക് ചരക്കുണ്ടെങ്കിൽ മാത്രം ബേപ്പൂരിൽ നിർത്തും. അല്ലെങ്കിൽ നേരെ കൊച്ചിയിലേക്ക് പോകും.
28ന് കൊച്ചിയിൽ നിന്നുള്ള രണ്ടാമത്തെ സർവിസ് പുറപ്പെടും. 29ന് ബേപ്പൂരിലും 30ന് അഴീക്കലിലും എത്തിച്ചേരും. കണ്ണൂരിൽ നിന്ന് ആവശ്യത്തിന് ചരക്കുകൾ കിട്ടിയാൽ മൂന്നു ദിവസത്തിൽ ഒരു സർവിസ് എന്ന കണക്കിൽ മാസത്തിൽ പത്ത് സർവിസ് അഴീക്കലിലേക്ക് നടത്തുമെന്ന് റൗണ്ട് ദ കോസ്റ്റ് സി.ഇ.ഒ കിരൺ നന്ത്രേ പറഞ്ഞു. സർവിസ് ലാഭകരമാണെങ്കിൽ മൂന്നു മാസത്തിനു ശേഷം ഒരു കപ്പൽ കൂടി സർവിസ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ചരക്കു ലഭ്യത കണ്ണൂർ ചേംബർ ഒാഫ് കോമേഴ്സ് ഭാരവാഹികൾ കമ്പനി സി.ഇ.ഒക്ക് നേരത്തെ തന്നെ നൽകിയിട്ടുണ്ട്. അഴീക്കലിലേക്ക് ചരക്ക് സർവിസ് നടത്താൻ അഞ്ചു കമ്പനികൾ തയാറായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അഴീക്കൽ തുറമുഖം സന്ദർശിച്ച വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കിയിരുന്നു.
കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് ചരക്കുകപ്പൽ സർവിസ് തുടങ്ങുന്നതോടെ മലബാർ മേഖലയെ പുതിയ ഉണർവിലേക്ക് നയിക്കും. ഇതോടെ കടത്തു കൂലിയിനത്തിൽ വൻ നേട്ടവും റോഡുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും കഴിയും.
ഏറെ ആശങ്ക സൃഷ്ടിച്ചിരുന്ന എമിഗ്രേഷൻ ക്ലിയറൻസ് പ്രശ്നത്തിന് കഴിഞ്ഞ ദിവസം താൽക്കാലിക സംവിധാനമായതോടെ വലിയൊരു കടമ്പ കടക്കാനായി. അഴീക്കലിൽ എത്തുന്ന ഇന്ത്യൻ കപ്പലുകൾക്ക് എമിഗ്രേഷൻ ക്ലിയറൻസ് നടത്തുന്നതിന് ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഒാഫിസർ (എഫ്.ആർ.ആർ.ഒ) അനുമതി നൽകിയതാണ്. കപ്പലിൽ ഇന്ത്യക്കാരായ ജീവനക്കാർ മാത്രമേ പാടുള്ളൂവെന്ന കർശന നിബന്ധനയാണ് എഫ്.ആർ.ആർ.ഒ വെച്ചിട്ടുള്ളത്. അഴീക്കലിലേക്ക് സർവിസ് നടത്തുന്ന ഹോപ് സെവൻ എന്ന കപ്പലിലെ ജീവനക്കാർ മുഴുവൻ ഇന്ത്യക്കാരാണ് എന്നതിനാൽ മറ്റ് തടസ്സങ്ങളില്ല.
പുതിയ സർക്കാർ അഴീക്കൽ തുറമുഖത്തെ നഷ്ടപ്പെട്ട പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതിെൻറ ഭാഗമായാണ് കൊച്ചിയിൽ നിന്ന് അഴീക്കലിലേക്ക് ചരക്കുകപ്പൽ എത്താനുള്ള സാഹചര്യം ഉണ്ടായത്. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ കഴിഞ്ഞ ദിവസം അഴീക്കൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വകുപ്പ് മന്ത്രിയുടെയും സർക്കാറിെൻറയും മുൻകൈയിലാണ് അഴീക്കലിെൻറ ചരക്കുകപ്പൽ സർവിസ് എന്ന പ്രതീക്ഷ യാഥാർഥ്യമാകുന്നത്. അഴീക്കൽ എം.എൽ.എയായ കെ.വി. സുമേഷിെൻറ ഇടപെടലും അഴീക്കൽ തുറമുഖത്തെ ഉണർവിലേക്ക് നയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.