കണ്ണൂർ: ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനാൽ നവീകരണ പ്രവൃത്തികൾക്കായി ബംഗളൂരു -കണ്ണൂർ എക്സ്പ്രസ് (16511/16512) റദ്ദാക്കിയതിനെ തുടർന്ന് യാത്രാദുരിതം. ട്രെയിൻ റദ്ദാക്കിയതോടെ വിമാന, സ്വകാര്യ ബസ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചത് യാത്രക്കാർക്ക് ഇരുട്ടടിയായി. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയോളമാണ് വർധിപ്പിച്ചത്. 2,700 മുതൽ 4200 ന് ഇടയിലുണ്ടായിരുന്ന നിരക്ക് 5000 മുതൽ 10000 വരെ വർധിച്ചു. മംഗളൂരുവിൽനിന്നുള്ള സർവിസുകൾക്കും ടിക്കറ്റ് നിരക്കും വർധിച്ചു. സാധാരണ 2,000 രൂപയിൽ നിന്ന് 3,000 മുതൽ 10,000 രൂപ വരെ നിരക്ക് കുതിച്ചുയർന്നു.
ബംഗളൂരുവിനും മംഗളൂരുവിനും ഇടയിലാണ് കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. കണ്ണുരിൽനിന്ന് ബംഗളൂരുവിലേക്ക് 800 മുതലാണ് ബസ് ചാർജ്. 1000 മുതൽ 1200 വരെ രൂപക്ക് സാധാരണ സ്ലീപ്പർ ബസുകളും ലഭിച്ചിരുന്നു. എന്നാൽ, െട്രയിൻ റദ്ദായതോടെ 40 ശതമാനത്തോളം വർധനവുണ്ടായി.
മലബാറുകാരുടെ തട്ടകമായ ബംഗളൂരുവിലെത്താൻ യാത്രാദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ട്രാക്കിൽ പ്രവൃത്തി നടക്കുന്നതിനാൽ നിലവിൽ ആഗസ്റ്റ് നാലുവരെയാണ് ബംഗളുരു -കണ്ണൂർ എക്സ്പ്രസ് റദ്ദാക്കിയത്. പ്രവൃത്തി ഇനിയും വൈകുമെന്നാണ് വിവരം. വിദ്യാർഥികളും വ്യാപാരികളും ഐ.ടി ജീവനക്കാരുമടക്കം വടക്കൻ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിന് മലയാളികളുള്ള നഗരത്തിലേക്ക് വരുവാനും തിരിച്ച് നാട്ടിലെത്താനും രണ്ട് ട്രെയിനുകളും എട്ട് കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് ആശ്രയം.
കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് മംഗളൂരു വഴി പോകുന്ന സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ്, 6.05ന് പുറപ്പെടുന്ന കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസുമാണ് മലബാറുകാർക്ക് റെയിൽവേ നൽകുന്ന ആശ്രയം. ഇതിൽ ഒരു വണ്ടി റദ്ദായതോടെ വടക്കേ മലബാറുകാരുടെ യാത്രാദുരിതം വർധിച്ചു. കണ്ണൂരിൽനിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ കാല് കുത്താൻ ഇടമുണ്ടാകില്ല. മറ്റുള്ള സ്റ്റേഷനുകളിൽ എത്തുമ്പോൾ ലഗേജുമായി യാത്രക്കാർക്ക് കയറാനാവാത്ത സ്ഥിതിയാവും. തിങ്കളാഴ്ച മാത്രം ഓടുന്ന മംഗളൂരു-യശ്വന്ത്പൂർ എക്സ്പ്രസ് ചുരുക്കം യാത്രക്കാർക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.