കണ്ണൂർ: ആയിരങ്ങളാണ് ദിവസേന കർണാടകയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യുന്നത്. വിദ്യാർഥികളും ഐ.ടി പ്രഫഷണലുകളും കച്ചവടക്കാരുമടക്കം മലബാറിൽനിന്ന് ബംഗളൂരുവിലേക്കുള്ളവരാണ് ഇതിലേറെയും.
മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിനെ അട്ടിമറിക്കാൻ കർണാടക ലോബി നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ഉയരുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ട്.
റെയിൽവേയുടെ തീരുമാനത്തിനെതിരെ കർണാടകയിൽ മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ദക്ഷിണ കന്നട എം.പിയുമായ നളിൻ കുമാർ കട്ടീൽ കഴിഞ്ഞദിവസം റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. പ്രാദേശിക വാദമുയർത്തിയാണ് കേരളത്തിലെ ട്രെയിനുകൾക്ക് കർണാടക ലോബി പാലം വലിക്കുന്നത്. കോഴിക്കോട് വരെ ട്രെയിൻ നീട്ടിയാൽ മംഗളൂരുവിലെ റിസർവേഷൻ ക്വോട്ട നഷ്ടമാകുമെന്നും പ്രദേശത്തെ യാത്രക്കാർക്ക് ലഭ്യമായ സീറ്റുകളും ബർത്തുകളും കുറയുമെന്നും ആരോപിച്ചാണ് എം.പി നിവേദനം നൽകിയത്.
മംഗളൂരു മേഖലയിലെ ജനങ്ങൾ എതിരാണെന്ന വാദമുയർത്തി കേരളത്തിന് ലഭിക്കേണ്ട പല ട്രെയിനുകളും പാതിവഴിയിലാക്കിയ നടപടികൾ ഏറെയാണ്. ഇതിനെതിരെ കേരളത്തിലെ റെയിൽ പാസഞ്ചേഴ്സ് സംഘടനകളും രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
‘ബംഗളൂരു- കണ്ണൂർ-കോഴിക്കോട് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള തീരുമാനത്തെ അട്ടിമറിക്കാനുള്ള നീക്കം എതിർക്കപ്പെടേണ്ടതാണ്. മലബാറിനോടുള്ള യാത്രാ അവഗണനക്കെതിരെ എം.പിമാർ അടക്കമുള്ള ജനപ്രതിനിധികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.’ -മാർട്ടിൻ ജോർജ് (ഡി.സി.സി പ്രസിഡന്റ്)
‘ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടേണ്ടത് അത്യാവശ്യമാണ്. അത് അട്ടിമറിക്കാനുള്ള നിലപാട് എതിർക്കപ്പെടേണ്ടതാണ്. അതോടൊപ്പം കോഴിക്കോടും ഷൊർണൂരിലും യാത്ര അവസാനിപ്പിക്കുന്ന വണ്ടികൾ കാസർകോട് വരെ നീട്ടി മലബാറിന്റെ യാത്രാദുരിതം പരിഹരിക്കണം.’ -എം.വി. ജയരാജൻ (സി.പി.എം ജില്ല സെക്രട്ടറി)
‘ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടിയാൽ മംഗളൂരുവിന്റെ സ്വാധീനം നഷ്ടമാകില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ദക്ഷിണ കന്നട എം.പിയെ തെറ്റിദ്ധരിപ്പിച്ചതാവാം. വന്ദേഭാരതിന് അടക്കം തലശ്ശേരിയിൽ സ്റ്റോപ് അനുവദിക്കണമെന്നാണ് ആവശ്യം.’ -എൻ. ഹരിദാസ് (ബി.ജെ.പി ജില്ല പ്രസിഡന്റ്)
‘ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടിയത് തിരക്ക് കുറക്കാനാവും. ബംഗളൂരുവിൽ നിന്ന് മലബാറിലേക്ക് കൂടുതൽ വണ്ടികൾ അനുവദിക്കണം.’ -ദിനു മൊട്ടമ്മൽ (ജനറൽ കൺവീനർ, നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓഡിനേഷൻ കമ്മിറ്റി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.