കണ്ണൂർ: കർണാടക ബി.ജെ.പി എം.പിയുടെ ഉടക്കിൽ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നത് വീണ്ടും മുടങ്ങി. റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയിട്ടും കർണാടക ലോബിയുടെ എതിർപ്പിൽ ഇത് രണ്ടാം തവണയാണ് ട്രെയിൻ നീട്ടുന്നത് മുടങ്ങിയത്. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നത് തടയണമെന്നാവശ്യപ്പെട്ട് കർണാടക മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ദക്ഷിണ കന്നട എം.പിയുമായ നളിൻ കുമാർ കട്ടീൽ ആണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സമീപിച്ചത്. കോഴിക്കോട് എം.പി എം.കെ. രാഘവന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനിച്ചിരുന്നത്. സ്റ്റോപ്പുകൾ ഉൾപ്പെടെ അനുവദിച്ച് ജനുവരി 23ന് റെയിൽവേ ബോർഡ് ജോയന്റ് ഡയറക്ടറുടെ പേരിൽ ഉത്തരവുമിറക്കി. ഇതിനിടെയിലാണ് ദക്ഷിണ കന്നട എം.പി എതിർപ്പുമായെത്തിയത്. ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ മുമ്പും തീരുമാനിച്ചെങ്കിലും കർണാടക ബി.ജെ.പിയുടെ എതിർപ്പിൽ മുടങ്ങുകയായിരുന്നു. ഉത്തരവിറക്കി രണ്ടുമാസം തികയാറായിട്ടും പിന്നീട് ഇക്കാര്യത്തിൽ ഒരനക്കവുമുണ്ടാവാത്തത് ഈ എതിർപ്പ് കാരണമെന്നാണ് സൂചന.
അതേസമയം, ഉത്തരവ് നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പിനുശേഷം തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് എം.പിയുടെ ഓഫിസ് അറിയിച്ചു. ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടണമെന്നത് യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ അനുവദിച്ച സ്റ്റോപ്പ് കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിലായിരുന്നു. എന്നാൽ ഇതിനെതിരെയാണ് കർണാടക ലോബിയുടെ കളി. ട്രെയിനിൽ 22 കോച്ചുകളുണ്ടെങ്കിലും കോഴിക്കോട് വരെ നീട്ടിയാൽ മംഗളൂരുവിലെ റിസർവേഷൻ ക്വാട്ട നഷ്ടമാകുമെന്നും പ്രദേശത്തെ യാത്രക്കാർക്ക് ലഭ്യമായ സീറ്റുകളും ബർത്തുകളും കുറയുമെന്നും ആരോപിച്ചാണ് ബി.ജെ.പി എം.പി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയത്. ഇദ്ദേഹത്തിനു പിന്നാലെ കർണാടക ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടു റാവുവും ട്രെയിൻ നീട്ടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നത്.
ട്രെയിൻ നീട്ടിയാൽ ദക്ഷിണ കന്നഡ ഉൾപ്പെടെയുള്ള കർണാടക തീരപ്രദേശത്തെ യാത്രക്കാരെ സാരമായി ബാധിക്കുമെന്നാണ് ബി.ജെ.പി എം.പിയുടെ ചുവടുപിടിച്ച് കോൺഗ്രസ് മന്ത്രിയും ആരോപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.