കണ്ണൂർ: അന്തർസംസ്ഥാനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഒഴുക്ക് തുടരുന്നു. രണ്ടുമാസത്തിനിടെ തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 6703 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 1.35 ലക്ഷം രൂപ പിഴയീടാക്കി. 12 കേസുകളിലാണ് നടപടി. ആദ്യമായി നിരോധിത വസ്തുക്കൾ പിടികൂടിയാൽ 10000വും രണ്ടാമതും തുടർന്നാൽ കാൽലക്ഷവുമാണ് പിഴ. മൂന്നാമതും ആവർത്തിച്ചാൽ അരലക്ഷം രൂപ പിഴയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ.
60 ജി.എസ്.എമ്മിന് താഴെയുള്ള നോൺ വൂവനാണ് നിരോധനം. പ്ലാസ്റ്റിക് ക്യാരി ബാഗ് കനം നോക്കാതെ പൂർണമായും നിരോധിച്ചിട്ടുണ്ട്. 50 മൈക്രോണിന് മുകളിൽ കനമുള്ള പ്ലാസ്റ്റിക് കവറുകൾ പാക്കിങ്ങിന് ഉപയോഗിക്കാം. പക്ഷേ, ഇ.പി.ആർ (എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്പോൻസിബിലിറ്റി) നമ്പറടക്കം രേഖപ്പെടുത്തിയിരിക്കണം. കൊള്ള ലാഭം ലക്ഷ്യമിട്ട് മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക്കെത്തുന്നത്. കേരളത്തെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക്കിനെതിരെ ശക്തമായ നടപടിയില്ലാത്തതാണ് കടത്തിന് കാരണം. നിരോധനം നിലവിലുണ്ടെങ്കിലും പല കടയുടമകളും ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ചെറുപുഴയിൽനിന്ന് രണ്ട് ക്വിന്റലോളം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തത് കഴിഞ്ഞയാഴ്ചയാണ്. ക്യാരി ബാഗുകൾ, ഗാർബജ് ബാഗുകൾ, പ്ലാസ്റ്റിക് കപ്പ്, പേപ്പർ കപ്പ്, ഡിസ്പോസബിൾ പ്ലേറ്റ്, തെർമോക്കോൾ പ്ലേറ്റ്, പേപ്പർ വാഴയില, പ്ലാസ്റ്റിക് സ്പൂൺ തുടങ്ങിയവയാണ് പിടികൂടിയത്. ചെമ്പിലോട് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞദിവസം 10 കിലോയിലധികം ക്യാരി ബാഗുകൾ പിടിച്ചെടുത്തു.
തെരുവുകച്ചവടക്കാർ നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യത്തിന് പരിശോധനയും നടക്കാറില്ലെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്. സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒറ്റത്തവണ ഉപയോഗ ഉൽപന്നങ്ങളും നിരോധിച്ചിട്ടും ഉപയോഗവും വിപണനവും വ്യാപകമാണ്.
ചെക്ക്പോസ്റ്റുകളിൽ കാര്യമായ പരിശോധനയില്ല. പാക്കറ്റിന് പുറത്ത് നിർമിച്ച സ്ഥാപനങ്ങളുടെ വിവരങ്ങളോ ഉൽപന്നത്തിന്റെ വിശദാംശങ്ങളോ രേഖപ്പെടുത്തില്ല. ചെക്ക്പോസ്റ്റുകളിൽ കൃത്യമായ പരിശോധന നടക്കാത്തതിനാൽ ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലേറ്റുകളും ഗ്ലാസുകളും യഥേഷ്ടം ഒഴുകുകയാണ്.
തുണിസഞ്ചികളും ബയോ ക്യാരിബാഗുകളുംപോലെ അനുവദനീയമായ ക്യാരിബാഗുകൾ ഉപയോഗിക്കാൻ ബോധവത്കരണ പരിപാടികളടക്കം നടക്കുമ്പോൾ നിരോധിത വസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യാപകമാണ്. ബയോ ഉൽപന്നങ്ങളുടെ വ്യാജന്മാരും വ്യാപകമായി വിപണിയിൽ എത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.