240 കിലോ പ്ലാസ്റ്റിക് പിടികൂടി; 62,400 രൂപ പിഴയീടാക്കി

കണ്ണൂർ: ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്താനായി ജില്ലയിലെ 71 പഞ്ചായത്തുകളിലായി നടത്തിയ പരിശോധനയിൽ 240.905 കിലോ സാധനങ്ങൾ പിടിച്ചെടുത്തു. 62,400 രൂപ പിഴ ഈടാക്കി. 75 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ആകെ തുക 5.07 ലക്ഷം രൂപയാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 73 സംഘങ്ങളാണ് ഈ മാസം പരിശോധന നടത്തിയത്. 1945 സ്ഥാപനങ്ങളിൽ പരിശോധിച്ചു. മുമ്പ് ചട്ടലംഘനം നടത്തിയതിന് പിഴ ഈടാക്കിയ സ്ഥാപനങ്ങൾക്ക് തന്നെ വീണ്ടും പിഴ ഈടാക്കേണ്ട സാഹചര്യം നിലവിലുണ്ടെന്നും വ്യാപാരികളും പൊതുജനങ്ങളും ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവുമായി സഹകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടർ ടി.ജെ. അരുൺ പറഞ്ഞു.

ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് പിടിച്ചെടുത്തത് ചെമ്പിലോട് പഞ്ചായത്തിൽ നിന്നാണ്. ഇവിടെ 33 സ്ഥാപനങ്ങളിൽ നിന്ന് 48 കിലോ പിടിച്ചെടുത്ത് 4000 രൂപ പിഴ ഈടാക്കി. വേങ്ങാട് പഞ്ചായത്ത് 58 സ്ഥാപനങ്ങളിൽ നിന്ന് 13.7 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

10,000 രൂപ പിഴ ഈടാക്കാൻ നോട്ടീസ് നൽകി. ഏറ്റവും കൂടുതൽ പിഴയീടാക്കിയത് ചപ്പാരപ്പടവ് പഞ്ചായത്തിലാണ്. 56 സ്ഥാപനങ്ങളിൽ നിന്ന് 13,000 രൂപ പിഴയും ഒരു സ്ഥാപനത്തിന് 25,000 രൂപ പിഴ അടക്കാനുള്ള നോട്ടീസും നൽകി. മാട്ടൂലിൽ ആറ് സ്ഥാപനങ്ങളിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തി 60,000 രൂപ അടക്കാനുള്ള നോട്ടീസ് നൽകി.

ആലക്കോട്, ചെങ്ങളായി, ചിറ്റാരിപ്പറമ്പ്, ചൊക്ലി, ധർമടം, എരമം-കുറ്റൂർ, എരഞ്ഞോളി, എരുവേശ്ശി, കണിച്ചാർ, കണ്ണപുരം, കരിവെള്ളൂർ-പെരളം, കീഴല്ലൂർ, കൊളച്ചേരി, കോളയാട്, കോട്ടയം, കൊട്ടിയൂർ, കുഞ്ഞിമംഗലം, കുറ്റിയാട്ടൂർ, മാടായി, മലപ്പട്ടം, മൊകേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, പടിയൂർ, പന്ന്യന്നൂർ, പാപ്പിനിശ്ശേരി, പരിയാരം, പാട്യം, പട്ടുവം, തില്ലങ്കേരി, ഉദയഗിരി പഞ്ചായത്തുകളിൽ ചട്ടലംഘനം കണ്ടെത്തിയില്ല. തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ പ്രത്യേക സംഘമാണ് എല്ലാ മാസവും പരിശോധന നടത്തുക.

Tags:    
News Summary - banned plastic seized-fine was imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.