എടക്കാട്: എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടിയ നിലയിൽ. റെയിൽവേ സ്റ്റേഷന് മുന്നിലെ പ്രധാന വഴികളിലെ കാടുകൾ കഴിഞ്ഞ ദിവസം വെട്ടി ശുചീകരിച്ചെങ്കിലും പ്ലാറ്റ്ഫോമിൽ ട്രെയിൻ കയറാനും ഇറങ്ങാനും കാട് വകഞ്ഞുമാറ്റേണ്ട അവസ്ഥയാണ്. രാത്രിയിൽ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് ഇത് വലിയ ഭീഷണിയാണ്. കാടുമൂടിയതോടൊപ്പം ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
ഷൊർണൂർ -കണ്ണൂർ മെമു, കണ്ണൂർ സ്പെഷൽ എക്സ്പ്രസ്, കണ്ണൂർ -കോയമ്പത്തൂർ എക്സ്പ്രസ്, കോഴിക്കോട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് നിലവിൽ എടക്കാട് സ്റ്റോപ്പുള്ളത്. വിദ്യാർഥികളും തൊഴിലാളികളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും അടക്കം നിരവധി യാത്രക്കാരാണ് എടക്കാട് സ്റ്റേഷനെ ആശ്രയിക്കുന്നത്. നേരത്തേ കൂടുതൽ ട്രെയിനുകൾ നിർത്തിയിരുന്നെങ്കിലും കോവിഡിന് ശേഷം സ്റ്റോപ് എടുത്തുകളഞ്ഞു.
ധാരാളം വികസന സാധ്യതയുണ്ടായിട്ടും അടിസ്ഥാന സൗകര്യ വികസനങ്ങൾ പോലും ഇല്ലാതെ അവഗണിക്കപ്പെട്ടുകിടക്കുകയാണ് സ്റ്റേഷൻ. ട്രെയിൻ ഇറങ്ങാനും കയറാനും മതിയായ പ്ലാറ്റ്ഫോം സൗകര്യമില്ല.
2015ൽ ആദർശ് സ്റ്റേഷനായി പ്രഖ്യാപിച്ചെങ്കിലും വികസനം പാളം തെറ്റിക്കിടക്കുകയാണ്. പാളങ്ങൾക്ക് കുറുകേ മേൽപാലം വന്നതൊഴിച്ചാൽ വികസനത്തിൽ അവഗണന തുടരുകയാണ്.
ദേശീയപാത വികസനം നടക്കുന്നതിനാൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന വിവിധ പ്രദേശത്തേക്ക് പോകേണ്ട യാത്രക്കാർ ഹൈവേയിൽ എത്തണമെങ്കിൽ ഒരു കിലോമീറ്ററോളം നടന്ന് എടക്കാട് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയാലേ ബസിൽ പോകാൻ സാധിക്കൂ. ഇത് കാരണം യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുകയാണ്. നിലവിൽ പ്ലാറ്റ്ഫോമിന്റെ നീളവും ഉയരവും വർധിപ്പിക്കൽ, രണ്ടാം പ്ലാറ്റ്ഫോമിൽ ശുചിമുറി, പരശു, മലബാർ തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കൽ തുടങ്ങിയവ നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്. യാത്രക്കാരുടെ ദുരിതമകറ്റാൻ അടിസ്ഥാന വികസനം സാധ്യമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.