കണ്ണൂർ: ട്രെയിൻ മാർഗം മലബാറുകാരുടെ തട്ടകമായ ബംഗളൂരുവിലെത്താൻ ഇനി അൽപം ആശ്വാസം.മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയതായി റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയതോടെ ദുരിതയാത്രക്ക് അൽപം അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചതിനാൽ കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടും.
അടുത്തദിവസം തന്നെ പുതിയ ഷെഡ്യൂൾ പ്രകാരം ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റെയിൽവേ നൽകുന്ന വിവരം. കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് മണിക്കൂറുകൾ വിശ്രമിക്കുന്ന ട്രെയിൻ തൊട്ടടുത്ത പ്രധാന സ്റ്റേഷനുകളിലേക്ക് സർവിസ് നീട്ടി വടക്കേ മലബാറിന്റെ യാത്രാക്ലേശം പരിഹരിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു.
നേരത്തേ ട്രെയിൻ കോഴിക്കോട് വരെ നീട്ടാനുള്ള നിർദേശത്തിന് ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകിയെങ്കിലും നടപടിയായിരുന്നില്ല. കർണാടക ലോബിയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. യാത്രക്കാരുടെയും സംഘടനകളുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തിനും ഇടപെടലിനുമൊടുവിലാണ് ട്രെയിൻ കോഴിക്കോട് വരെ നീട്ടിയതായി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്.
നിലവിൽ വൈകീട്ട് 05.05ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.35നാണ് ബംഗളൂരുവിലെത്തുക. തിരിച്ച് രാത്രി 9.35ന് പുറപ്പെട്ട് രാവിലെ 10.55ന് കണ്ണൂരിലെത്തും. ഈ സമയക്രമത്തിന് മാറ്റമില്ലാതെയാണ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയത്. രാവിലെ 11ന് കണ്ണൂരിൽനിന്ന് തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകൾ പിന്നിട്ട് ഉച്ചക്ക് 12.40ന് കോഴിക്കോട് എത്തും. വൈകിട്ട് 3.30നാണ് കോഴിക്കോട്നിന്ന് തിരിച്ച് പുറപ്പെടുക. അഞ്ചിന് കണ്ണൂരിലും പുലർച്ചെ 6.35ന് ബംഗളൂരുവിലും എത്തും.
കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് മംഗളൂരു വഴി പോകുന്ന സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ്, 6.05ന് പുറപ്പെടുന്ന കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസുമാണ് മലബാറുകാർക്ക് റെയിൽവേ നൽകുന്ന ആശ്രയം. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും വിദ്യാർഥികളും ഐ.ടി ജീവനക്കാരും കച്ചവടക്കാരും അടക്കം നിരവധി യാത്രക്കാരാണ് ദിവസേന ബംഗളൂരുവിലെത്തുന്നത്.
അവധി ദിവസങ്ങളിൽ അടക്കം ബംഗളൂരുവിലേക്കും തിരിച്ച് നാട്ടിലേക്കും ട്രെയിനുകളിൽ കാലുകുത്താൻ ഇടമുണ്ടാകാറില്ല. അവധി ദിവസങ്ങൾ കഴിഞ്ഞുള്ള മടക്കയാത്ര ഏറെ ക്ലേശമാണ്. ട്രെയിൻ കണ്ണൂരിൽനിന്ന് പുറപ്പെടുമ്പോൾ തന്നെ കാൽകുത്താൻ ഇടമുണ്ടാകാറില്ല. മറ്റുള്ള സ്റ്റേഷനുകളിൽ എത്തുമ്പോൾ ലഗേജുമായി യാത്രക്കാർക്ക് കയറാനാവാത്ത സ്ഥിതിയാവും. തിങ്കളാഴ്ച മാത്രം ഓടുന്ന മംഗളൂരു-യശ്വന്ത്പൂർ എക്സ്പ്രസ് ചുരുക്കം യാത്രക്കാർക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്.
സ്വകാര്യ ബസുകളിൽ നിരക്ക് തോന്നുന്നപോലെ ആയതിനാൽ കീശ കാലിയാവും. ബംഗളൂരുവിലേക്കുള്ള യാത്രാദുരിതം കുറക്കുന്ന തീരുമാനം സർക്കാർ തലത്തിലുണ്ടാകണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് അൽപം ആശ്വാസമാണ് ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയ തീരുമാനം.
ഈ വണ്ടി മംഗളൂരു വഴി ആയതിനാൽ തലശ്ശേരി, മാഹി, വടകര ഭാഗങ്ങളിലെ യാത്രക്കാർക്ക് ഉപകരിച്ചിരുന്നില്ല. കോഴിക്കോട്ടേക്ക് നീട്ടിയതോടെ യാത്രാക്ലേശത്തിന് അൽപം പരിഹാരമാകും. കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് കാസർകോട് വരെ നീട്ടിയാൽ കണ്ണൂരിന്റെ വടക്കുഭാഗത്തെ യാത്രക്കാർക്ക് ഉപകാരമാകും. പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തെ യാത്രക്കാരുടെ യാത്രാക്ലേശത്തിനും ആശ്വാസമാകും. ട്രെയിനുകളിൽ കൂടുതൽ ജനറൽ, സ്ലീപ്പർ കമ്പാർട്ടുമെന്റുകൾ അനുവദിക്കണമെന്ന് ആവശ്യമുണ്ട്. നേരത്തെ, കണ്ണൂർ-യശ്വന്ത്പുരിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ മാറ്റി തേർഡ് എ.സി ആക്കിയിരുന്നു.
വൈകീട്ട് കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ, കാസർകോട് ഭാഗത്തേക്ക് ട്രയിനുകൾ കുറവാണ്. ഉച്ചക്ക് 2.45ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ എക്സ്പ്രസിന് ശേഷം വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന പരശുറാം മാത്രമാണ് ആശ്രയം. ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും വിദ്യാർഥികളും അടക്കം പരശുറാമിൽ കാൽകുത്താൻ ഇടമുണ്ടാകാറില്ല.
ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് നീട്ടുന്നതോടെ വൈകീട്ട് 3.30ന് കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട്, മംഗളൂരു ഭാഗത്തേക്ക് പുതിയ ട്രെയിൻ ലഭിക്കും. രാവിലെ 11ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്കും ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.