സി.പി.എം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളന വേദിയിലെത്തിയ വനിത സഖാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം ചെയ്യുന്നു

ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്നു -ഡി. രാജ

കണ്ണൂർ: രാജ്യം വലതുപക്ഷ ശക്തികളിൽനിന്ന് അഭൂതപൂർവമായ ആക്രമണം നേരിടുകയാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി-ആർ.എസ്.എസ് നമ്മുടെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. തൊഴിലാളികൾ കഷ്ടപ്പെട്ട് നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങുകയാണ്. നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി.ജെ.പി സർക്കാർ അടിസ്ഥാനകാര്യങ്ങൾ അട്ടിമറിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, ഫെഡറലിസം, ക്ഷേമരാഷ്ട്രം എല്ലാം അട്ടിമറിക്കപ്പെടുന്നു.

സി.ബി.ഐയും ഇ.ഡിയും പോലുള്ള അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനായി ഉപയോഗിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി ബിൽ, ലേബർ കോഡുകൾ എന്നിവ ഏകാധിപത്യ മോദിസർക്കാറിന്‍റെ ഉദാഹരണങ്ങളാണ്. പാർലമെന്ററി ഭൂരിപക്ഷം ഇതിനൊക്കെയായി ഉപയോഗിച്ച് പാർലമെന്റിനെ തന്നെ തുരങ്കംവെക്കുകയാണ്.

റിപ്പബ്ലിക്കിന്റെ അടിത്തറ തകർക്കുന്നതിനൊപ്പം നിയോലിബറൽ സാമ്പത്തിക നയങ്ങൾ നിഷ്കരുണം പിന്തുടരുന്നു. സാമ്പത്തിക കുറ്റവാളികളെ വിദേശരാജ്യങ്ങളിലേക്ക് ഒളിച്ചോടാൻ അനുവദിച്ചു.

തൊഴിലില്ലായ്മ പതിറ്റാണ്ടിന്റെ ഉയർന്നനിരക്കിലാണ്. ജനങ്ങൾ പണപ്പെരുപ്പത്തിൽ വലയുമ്പോൾ ആർ.എസ്.എസും അനുബന്ധ സംഘടനകളും വർഗീയ ധ്രുവീകരണം തുടരുന്നു. ആർ.എസ്.എസ് -ബി.ജെ.പി കൂട്ടുകെട്ട് ചരിത്രം തിരുത്തിയെഴുതുക മാത്രമല്ല, രാഷ്ട്രത്തെ പുനർനിർവചിക്കുക കൂടിയാണ്.

ഇതിനെതിരെ ഇടത്, ജാതിവിരുദ്ധ ശക്തികളെ അണിനിരത്തി പോരാട്ടങ്ങൾ ശക്തമാക്കണം. ആർ.എസ്.എസിനെ പ്രത്യയശാസ്ത്രപരമായി വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും ഡി. രാജ പറഞ്ഞു.

Tags:    
News Summary - BJP-RSS alliance undermines democracy -D. Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.