പഴയങ്ങാടി: മത്സ്യബന്ധനം കഴിഞ്ഞ് കരയോടടുക്കുന്ന വള്ളങ്ങൾ മണൽതിട്ടയിൽ തട്ടി ജീവനുകൾ പൊലിയുന്നത് പുതിയങ്ങാടി- ചുട്ടാട് കടലിൽ തുടർക്കഥയാവുന്നു. ഞായറാഴ്ച രാവിലെ പത്തരയോടെ ഫൈബർ വള്ളം മറിഞ്ഞ് പൈതലയൻ ജോണി എന്ന 60കാരനായ മത്സ്യത്തൊഴിലാളിയുടെ ജീവൻ പൊലിഞ്ഞതാണ് ഒടുവിലത്തെ സംഭവം. ഞായറാഴ്ച തന്നെ വൈകീട്ട് മറ്റൊരു വള്ളം ഇവിടെ മണൽതിട്ടയിൽ തട്ടി രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. രാവിലെ മറിഞ്ഞ വള്ളത്തിൽ മരിച്ച ജോണിയോടൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽപെട്ട വള്ളങ്ങൾക്ക് പിന്നിലായി മറ്റു വള്ളങ്ങളിലുള്ളവർ രക്ഷക്കെത്തിയതാണ് ഒരാളുടെ മരണത്തിൽ മാത്രമായി ഒതുങ്ങിയത്. കഴിഞ്ഞവർഷം ഒറ്റദിവസം തന്നെ അഞ്ചു വള്ളങ്ങളാണ് ഇവിടെ മറിഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റത്. രണ്ടു വർഷം മുമ്പ് വള്ളം മറിഞ്ഞ് മരിച്ചത് രണ്ടു പേരാണ്. ഉത്തരകേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന നൂറുകണക്കിന് വള്ളങ്ങൾക്ക് അടുപ്പിക്കാനാവുന്ന ഹാർബർ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹാർബറില്ലാത്തതാണ് ഈ മത്സ്യമേഖലയുടെ പ്രധാന പ്രതിസന്ധി. കടലിൽ രൂപപ്പെടുന്ന മണൽതിട്ടകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഹാർബറും ഫിഷ് ലാൻഡിങ് സെൻററുമൊക്കെ പദ്ധതികളിൽ ഒതുങ്ങുമ്പോൾ മരണം തുടർക്കഥയാവുകയാണിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.