കേളകം: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം കത്തിയ ആറളം വനാതിർത്തിയിൽ വീണ്ടും സർവേ നടത്താൻ റവന്യൂ-വനം വകുപ്പ് നടപടി. പ്രതിഷേധവുമായെത്തിയ കർഷകർ സർവേ തടഞ്ഞു. കേളകം പഞ്ചായത്തിന്റെ അതിർത്തിയിൽ വരുന്ന ചീങ്കണ്ണി പുഴ മുതൽ അടക്കാത്തോട് വരെയുള്ള പ്രദേശങ്ങളിൽ റവന്യൂ വകുപ്പും, വനം വകുപ്പും ചേർന്നുനടത്തിയ സർവേയിൽ ദുരൂഹതയുണ്ട് എന്നാരോപിച്ച് സർവേ നിർത്തിവെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കേളകം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന വളയഞ്ചാൽ പ്രദേശത്ത് രാവിലെ റവന്യൂ ഉദ്യോഗസ്ഥരും വനം വകുപ്പും ചേർന്ന് പുഴയുടെ അതിർത്തി കണ്ടുപിടിക്കാൻ എന്ന പേരിൽ നടത്തിയ സർവേയാണ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ചത്. പുഴയുടെ അതിർത്തി കണ്ടുപിടിക്കാൻ എത്തിയവർ റവന്യൂ ഭൂമിയിൽ പ്രവേശിച്ച് പുഴയിൽ നിന്നും 300 മീറ്ററോളം ഉള്ളിലേക്ക് കടന്ന് ജി.പി.എസ് ഉപയോഗിച്ച് മാപ്പ് ചെയ്യാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയം ഉണ്ടായത്. സർവേ സംബന്ധിച്ച് കേളകം പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നില്ല. ചീങ്കണ്ണി പുഴയുടെ അതിർത്തി സംബന്ധിച്ചും പുഴയുടെ ഉടമസ്ഥത അവകാശം സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം മാത്രമേ പുഴയുടെ അതിർത്തി അളക്കാൻ പാടുള്ളൂ എന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്തിട്ടുണ്ട് എന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. വ്യക്തമായ ഉത്തരവും പഞ്ചായത്ത് അനുമതിയോ ഇല്ലാതെ സർവേ നടപടികൾ നടത്തേണ്ട എന്ന നാട്ടുകാരുടെ ആവശ്യപ്രകാരം റവന്യൂ അധികൃതർ മടങ്ങി.
ചീങ്കണ്ണിപ്പുഴ സർവേ ചെയ്യുന്നത് ആറളം വില്ലേജ് സർവേ ചെയ്യുന്ന ടീം ആണെന്ന് റവന്യൂ അധികൃതർ പിന്നീട് വ്യക്തമാക്കി. പുഴ അതിർത്തിയിലുള്ള സർവേക്കല്ലുകൾ കൃത്യസ്ഥലത്ത് തന്നെയാണോ സ്ഥിതി ചെയ്യുന്നതെന്നറിയാനും നഷ്ടപ്പെട്ട കല്ലുകളുടെ സ്ഥാനം നിർണയിക്കാനും കൈവശ ഭൂമിയിലെ സർവേ കല്ലുകളിൽ നിന്നും അളന്നു പരിശോധിക്കേണ്ടതുണ്ട്. ആ പ്രവർത്തനമാണ് ഇപ്പോൾ ഒന്ന്, രണ്ട് വാർഡുകളിൽ നടക്കുന്നത് എന്നും കൈവശഭൂമിയുടെ സർവേ വാർഡ്തല യോഗങ്ങൾക്ക് ശേഷമേ ആരംഭിക്കുകയുള്ളൂ എന്നും പിന്നീട് റവന്യൂ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.