കണ്ണൂർ: കഴിഞ്ഞ ഏഴു വർഷത്തിലേറെയായി എളയാവൂർ സി.എച്ച് സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിലെ അന്തേവാസിയായ നാരായണിയമ്മക്ക് അന്ത്യകർമം നടത്തി സി.എച്ച് സെൻറർ. പാലക്കാട് സ്വദേശിനിയായ സുന്ദരിയെന്ന 75കാരി നാരായണിയമ്മ കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങൾ കാരണം തീർത്തും കിടപ്പിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
മൃതദേഹം സി.എച്ച് സെൻറർ അങ്കണത്തിൽ പൊതുദർശനത്തിനു വെച്ചു. തങ്ങളോടൊപ്പം കൂടപ്പിറപ്പിനെ പോലെ ഏെറക്കാലം ജീവിച്ച നാരായണിയമ്മയുടെ മുഖം അവസാനമായി കാണാൻ എത്തിയ അന്തേവാസികളുടെ വേദനിപ്പിക്കുന്ന രംഗങ്ങളും നാരായണിയമ്മയെ ഏറെ സ്നേഹിച്ച ഖദീജുമ്മയുടെ കരച്ചിലും കണ്ടു നിന്നവരിൽ നൊമ്പരമുണർത്തി. സി.എച്ച് സെൻററിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാർക്കും പുറമെ കമ്മിറ്റി ഭാരവാഹികളും അയൽപക്കക്കാരും അന്തിമോപചാരമർപ്പിച്ചു.
പയ്യാമ്പലത്ത് സൗജന്യമായി ദഹിപ്പിക്കാൻ മേയർ ടി.ഒ. മോഹനനും ഡിവിഷൻ കൗൺസിലർ പി.പി. വത്സലനും സംവിധാനമേർപ്പെടുത്തി. ഉച്ചക്ക് പന്ത്രണ്ടോടെ പയ്യാമ്പലത്തെ ശ്മശാനത്തിലെത്തിച്ച് വിശ്വാസാചാരപ്രകാരമുള്ള കർമങ്ങളും സി.എച്ച് സെൻറർ നടത്തി. സാമൂഹികപ്രവർത്തകനായ അനൂപ് നിലാഞ്ചേരി ചിതക്ക് തീ കൊളുത്തി. അന്ത്യകർമങ്ങൾക്ക് സെൻറർ ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീെൻറ നേതൃത്വത്തിൽ വളൻറിയർമാരായ അബ്ദുൽ ജബ്ബാർ, റിയാസ് ചെമ്പിലോട്, ഇ.കെ. റഫീഖ്, അസ്ലം വലിയന്നൂർ, മഖ്സൂദ് മക്കു എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ഏഴു വർഷത്തിലേറെയായി ഇവിടെ കഴിയുന്ന നാരായണിയമ്മയെ തേടി ഉറ്റവരാരും എത്തിയില്ല. ചെറിയ പ്രായത്തിൽ തന്നെ കണ്ണൂരിലെത്തി ഒരു ഡോക്ടറുടെ വീട്ടിൽ ജോലി ചെയ്തു ജീവിക്കുകയായിരുന്നു. ജീവിതത്തിെൻറ സായാഹ്നത്തിൽ ഒറ്റപ്പെട്ട നാരായണിയമ്മയെ എളയാവൂർ സി.എച്ച് ഹോസ്പിറ്റലിൽ സേവനം ചെയ്തിരുന്ന ഡോ. ശാന്ത രാജേന്ദ്രൻ സാന്ത്വന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. കുറഞ്ഞദിവസങ്ങൾക്കുള്ളിൽ സി.എച്ച്.സെൻററിലെ പരിചരണം കൊണ്ട് അവരുടെ ആരോഗ്യ നിലവീണ്ടെടുത്തു. ശേഷം തന്നോടൊപ്പം കഴിയുന്ന മറ്റു അന്തേവാസികളുടെ ഭക്ഷണകാര്യത്തിലും അവരുടെ മറ്റു കാര്യങ്ങളിലും ഒരു കൂടപ്പിറപ്പിനെ പോലെ മേൽനോട്ടം വഹിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.