ചക്കരക്കല്ല്: പെരളശ്ശേരിയുടെ ദാസേട്ടന് പറയാനുണ്ട് തന്റെ പറമ്പിലെ എണ്ണിയാൽ തീരാത്ത ഔഷധ ചെടികളുടെയും 14 ലക്ഷം ഔഷധ സസ്യങ്ങൾ സൗജന്യമായി നൽകിയ കഥ. പെരളശ്ശേരി ചെറുമാവിലായി സുധീഷ് റോഡിൽ അക്ഷരയിൽ പി.വി. ദാസന്റെ വീട്ടുമുറ്റത്തും പറമ്പിലുമുള്ള ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും അലങ്കാരച്ചെടികളുമെല്ലാം കുട്ടികൾക്കും നാട്ടുകാർക്കും വായനശാലകൾക്കും ക്ലബുകൾക്കും ഉള്ളതാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ ഔഷധസസ്യങ്ങളുടെ ക്ലാസെടുക്കാൻ പോവുന്ന ദാസേട്ടൻ തന്റെ വീട്ടുപറമ്പിലെ ഔഷധസസ്യങ്ങളും മറ്റും ചെടികളുമായാണ് പോവുന്നത്. ഔഷധ സസ്യങ്ങളെ സംബന്ധിച്ചുള്ള 1600 ന് മുകളിൽ ഫോട്ടോ പ്രദർശനവും ഇതിനകം ദാസേട്ടൻ നടത്തി.
14 ലക്ഷം ഔഷധസസ്യങ്ങൾ തന്റെ ജീവിത കാലയളവിനുള്ളിലായി വിതരണം ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങളെ കുറിച്ചുള്ള ക്ലാസെടുക്കുന്നതാണ് ദാസേട്ടന്റെ പ്രധാന ഇഷ്ടം. കൂർക്കില, മുറികൂടി, മാങ്ങഇഞ്ചി, അയ്യമ്പന, വിഷമൂലി, ചിത്തരത്ത, നീലവേപ്പ്, സർപ്പപോള, ആടലോടകം, ചീര, കറിവേപ്പില, ആരോഗ്യചീര, മംഗള കവുങ്ങ്, പാഷൻ ഫ്രൂട്സ്, മാവ്, പ്ലാവ്, ബദാം, ഞാവൽ തുടങ്ങി നിരവധി ഔഷധ സസ്യങ്ങളുടെയും ഫലവൃക്ഷത്തൈകളുടെയും വേര് പിടിപ്പിച്ച തൈകളാണ് വിതരണം ചെയ്യുന്നത്.
ഔഷധസസ്യങ്ങളും നാട്ടറിവുകളും ഒന്നും രണ്ടും ഭാഗങ്ങൾ, മലബാറിലെ തെയ്യ കാഴ്ചകൾ, ഇലയറിവുകൾ, മാവിലാക്കാവും ഐതിഹ്യങ്ങളും എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തന്റെ ചുറ്റുപാടുകളിലുമുള്ള സസ്യങ്ങളും ഔഷധ ചെടികളുമാണ് ദാസേട്ടന് എന്നും കൂട്ടായുള്ളത്.
നിരവധി അധ്യാപകരും വിദ്യാർഥികളും ദിനേന ദാസേട്ടനെ കാണാൻ വീട്ടിലെത്തുകയും ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നു. 2021ലെ സരോജിനി ദാമോദരൻ പരിസ്ഥിതി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ റിട്ട. അധ്യാപിക കെ.വി. ലീനകുമാരിയും മക്കളായ സിംനാദാസും ദിൽനദാസും എന്നും ദാസേട്ടന്റെ സഹായികളായും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.